ജലസേചന കനാലുകളിലെ തടസ്സം നീക്കിയില്ല; രണ്ടാം വിള കൃഷി പ്രതിസന്ധിയിൽ
text_fieldsപാലക്കാട്: രണ്ടാംവിള നടീലിന് സമയമായിട്ടും ജലസേചന കനാലുകളിലെ തടസ്സം തുടരുന്നത് നെൽകൃഷിയെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ രണ്ടാം വിള പൂർണമായും ജലസേചനത്തെ ആശ്രയിച്ചാണ്. ചെറുതും വലുതുമായ എട്ടു ഡാമുകളാണ് ജില്ലയി ലുള്ളത്. മലമ്പുഴ, പോത്തുണ്ടി, മംഗലം, ചുള്ളിയാർ, വാ ളയാർ, കാഞ്ഞിരപ്പുഴ, ശിരുവാണി എന്നിവ. ഇതിനു പുറമെയാണ് മൂലത്തറ, പറമ്പിക്കുളം, ആളിയാർ മൈനർ ജലസേചനപദ്ധതികൾ. ഇതിൽ പ്രധാനമായും മലമ്പുഴ ഡാമിലെ വെള്ളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ജില്ലയിലെ ഡാമുകൾ കർഷക ആവശ്യത്തിനായി തുറന്നുകൊണ്ടിരിക്കുകയാണ്.
മംഗലം, പോത്തുണ്ടി ഡാമുകളുടെ വലതുകര കനാലുകൾ ബുധനാഴ്ച തുറന്നു. മലമ്പുഴ ഡാമും അടുത്ത ദിവസം തുറക്കും. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി ലഭിക്കുന്നതിനാൽ മലമ്പുഴ ഉൾപ്പെടെ ജില്ലയിലെ എല്ലാ ഡാമുകളും നിറഞ്ഞ് അധികജലം പുഴയിലേക്ക് ഒഴുക്കുകയാണ്. ഡാം തുറന്ന് പത്തുദിവസമെങ്കിലും കഴിയും കനാലുകളുടെ വാലറ്റ പ്രദേശത്ത് വെള്ളമെത്താൻ. ഏറ്റവും കൂടുതൽ വാലറ്റ പ്രദേശങ്ങൾ ഉള്ളത് മലമ്പുഴക്കാണ്. വാലറ്റം എത്തുംതോറും കനാലുകളുടെ വീതി കുറഞ്ഞ് കൈച്ചാലുകൾ മാത്രമായി അവശേഷിക്കും.
അതേസമയം, ഡാമുകളുടെ സമീത്തുള്ള ഏതു കൈച്ചാലുകളിലും വെള്ളം സുലഭമാണ്. മെയിൻ-സബ് കനാലുകൾ മാത്രമാണ് ജലസേചന വകുപ്പ് വൃത്തിയാക്കുന്നത്. കാഡാ കനാലുകളുടെ കാര്യത്തിൽ വ്യക്തതയില്ല. ജലം ലഭിക്കണമെങ്കിൽ പാടശേഖരസമിതികൾ നേരെയാക്കണം. നന്നാക്കിയില്ലെങ്കിൽ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളം വാലറ്റപ്രദേശത്ത് എത്തില്ല. മുൻ വർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ നവീകരണം നടത്തിയെങ്കിൽ ആവർത്തന സ്വാഭവമുള്ള പദ്ധതികൾ ചെയ്യുന്നതിന് നിയന്ത്രണം വന്നതോടെ വൃത്തിയാക്കൽ മുടങ്ങി.
പലയിടത്തും ഞാറ്റടി തയാറാക്കി. 21 ദിവസം പ്രായമായാൽ ഞാറ് പറിച്ചുനടേണ്ടതാണ്. 27 ദിവസത്തിനപ്പുറം പോകാൻപാടില്ല. വൈകുംതോറും ഞാറിന്റെ ഗുണം നഷ്ടപ്പെട്ട് വിളവിനെ ബാധിക്കും. ശാഖാകനാലുകളുടെ അറ്റകുറ്റപ്പണി ജലസേചനവിഭാഗം ഒഴിവാക്കിയോടെ മികച്ചവിളവും ലാഭവും പ്രതീക്ഷിച്ച രണ്ടാംവിള അപ്പാടെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.