ബി.ഒ.സി റോഡിൽ ടോൾ പിരിവ് പുനരാരംഭിക്കുന്നു: പ്രതിഷേധം ശക്തം
text_fieldsപാലക്കാട്: നഗരത്തിലേക്കുള്ള ബി.ഒ.സി റോഡിൽ ശനിയാഴ്ച മുതൽ ടോൾ പിരിവ് ആരംഭിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ടോൾ പിരിവ് ആരംഭിക്കുമെന്ന് കാണിച്ച് ഇവിടെ മുമ്പ് പ്രവർത്തനം നിർത്തിയ ടൗൺ റെയിൽവേ മേൽപാലത്തിന്റെ ടോൾബൂത്തിന് മുന്നിൽ ആർ.ബി.ഡി.സി.കെ (റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള) ബോർഡ് സ്ഥാപിച്ചത്. വിക്ടോറിയ കോളജ് ഭാഗത്തെ ടോൾ ബൂത്ത് അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ ഇവിടെയും ടോൾ ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. ഇരുവശത്തേക്ക് ഏഴര രൂപയും ഒരു വശത്തേക്ക് അഞ്ചുരൂപയുമാണ് ഈടാക്കുക.
നല്ലൊരു റോഡ് പോലുമില്ലാത്ത നഗരത്തിൽ പാലം കയറിയിറങ്ങാൻ ടോൾ നൽകണമെന്നതിൽ പ്രതിഷേധത്തിലാണ് ജനങ്ങൾ. പാലത്തിലും കയറുന്നിടത്തും വലിയ കുഴികളുണ്ട്. ഇവ ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും കാരണമാകുന്നുണ്ട്. മുമ്പ് പ്രതിഷേധം ശക്തമായതോടെയാണ് ടോൾപിരിവ് നിർത്തിയത്. വിക്ടോറിയ കോളജിനു മുന്നിൽ ചുണ്ണാമ്പുതറ റോഡിന്റെ നടുക്കുള്ള ടോൾബൂത്ത് കെട്ടിടം ഇഴജന്തുക്കളടക്കമുള്ളവയുടെ താവളമാണ്.
ഇടുങ്ങിയ റോഡിലൂടെ വലിയ വാഹനങ്ങൾ കഷ്ടിച്ചു വേണം കടന്നുപോകാൻ. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ബൂത്ത് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നേരത്തേ സർക്കാറിന് കത്ത് നൽകിയിരുന്നു. നിലവിൽ 2023 വരെയാണ് കരാർ കമ്പനിക്ക് ടോൾ പിരിക്കാനാകുക.
പ്രതിഷേധിച്ചു
പാലക്കാട്: വിക്ടോറിയ കോളജ് പരിസരത്തുള്ള ടോൾ ബൂത്ത് വീണ്ടും പ്രവർത്തിക്കാൻ തയാറെടുക്കുന്നതിനെതിരെ കോളജ് റോഡ് മർച്ചൻറ്സ് അസോസിയേഷൻ യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉദയകുമാർ കുറുപ്പ്, ശശികുമാർ, ബിജോയ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.