അതിർത്തിയിൽ വീണ്ടും കൈക്കൂലി വ്യാപകം
text_fieldsകൊല്ലങ്കോട്: അതിർത്തി ചെക്ക് പോസ്റ്റുകളിൽ വീണ്ടും കൈക്കൂലി തലപൊക്കുന്നു. ചെക്ക് പോസ്റ്റ്കൾക്ക് സമീപങ്ങളിലെ ലോട്ടറി വിൽപനക്കാരാണെന്ന പേരിൽ കറങ്ങുന്ന ചിലരാണ് ഉദ്യോഗസ്ഥർ വാങ്ങുന്ന കൈക്കൂലി തുക സൂക്ഷിച്ചുവെക്കുന്നത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടക്കുന്ന വാഹനങ്ങളിൽ നിന്നാണ് ഇവർ പ്രധാനമായും കൈക്കൂലി ഈടാക്കുന്നത്. വിനോദസഞ്ചാര വാഹനങ്ങൾ തീർഥാടകരുടെ വാഹനങ്ങൾ, ചരക്ക് ലോറികൾ, കന്നുകാലി കയറ്റി വരുന്ന ലോറികൾ എന്നിവയിൽനിന്നാണ് ഗോവിന്ദപുരം, മീനാക്ഷിപുരം, നടുപുണി ചെക്ക്പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ചെക്പോസ്റ്റിലെ കൗണ്ടറിൽ രേഖയുമായി എത്തുന്ന വാഹന ഡ്രൈവർമാരുടെ പക്കൽനിന്ന് രേഖകൾ ഇല്ലെങ്കിലും കൈക്കൂലി വാങ്ങി വാഹനങ്ങളെ കടത്തിവിടുന്ന രീതിയാണ് നടക്കുന്നത്.ഇത്തരത്തിൽ അനധികൃതമായി വാങ്ങുന്ന പണം പരിസരങ്ങളിൽ ലോട്ടറി വിൽപനക്കാരെന്ന പേരിൽ നിൽക്കുന്നവരുടെ കൈകളിൽ ഏൽപ്പിക്കാനാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഡ്രൈവർമാർ അല്ലെങ്കിൽ ക്ലീനർമാർ നൽകുന്ന തുക ലോട്ടറിക്കാരിൽനിന്ന് ഡ്യൂട്ടി കഴിഞ്ഞു പോകുന്ന ഉദ്യോഗസ്ഥർ വാങ്ങും.
തുകയുടെ പത്ത് ശതമാനം പാരിതോഷികമായി നൽകും.ഇത്തരം കൈക്കൂലി വ്യാപകമാണെന്ന് നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. ചെക്ക് പോസ്റ്റുകളുടെ അകത്തും പുറത്തും സി.സി.ടി.വി സ്ഥാപിച്ച് ഇവയുടെ കൺട്രോൾ ജില്ല കേന്ദ്രങ്ങളിൽ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.