വെല്ലുവിളികളെ തോൽപിച്ച് സഹോദരങ്ങൾ
text_fieldsശ്രീകൃഷ്ണപുരം: ജന്മന കൂടെവന്ന വെല്ലുവിളികളെ മറികടന്ന് കലയിൽ മികവ് പ്രകടിപ്പിച്ച് സഹോദരങ്ങൾ. കടമ്പഴിപ്പുറം കിഴക്കേക്കരതൊടി ശ്രീരാം, വിഷ്ണു സഹോദരങ്ങളാണ് കലകളിലൂടെ തങ്ങളുടെ ശാരീരിക വെല്ലുവിളികളെ തോൽപിച്ചത്.
കടമ്പഴിപ്പുറം വില്ലേജ് ഓഫിസിന് സമീപം കിഴക്കേക്കരതൊടി വീട്ടിൽ ഉണ്ണികൃഷ്ണൻ, ശാരദ ദമ്പതികളുടെ മക്കളായ ശ്രീരാമും വിഷ്ണുവും ജന്മന കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്തവരാണ്. ശ്രീരാമിന് ഏത് രൂപവും നിർമിക്കാനുള്ള സിദ്ധിയാണ് കിട്ടിയതെങ്കിൽ ഏത് രൂപവും കാൻവാസിലേക്ക് കോറിയിടാനുള്ള കഴിവാണ് വിഷ്ണുവിന് ലഭിച്ചത്.
25 വയസ്സ് പിന്നിട്ട ശ്രീരാം നന്നേ ചെറുപ്പത്തിൽതന്നെ ഇത്തരം കലാവാസനയോട് അഭിരുചി പ്രകടിപ്പിച്ചിരുന്നു. വള്ളുവനാട്ടിലെ പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായ ഇണക്കാള കോലങ്ങൾ നിർമിക്കുന്നതിൽ അഗ്രഗണ്യനാണ് ശ്രീരാം. ഇതിനകം ഒമ്പതോളം ഇണക്കാള കോലങ്ങൾ നിർമിച്ച് ആവശ്യക്കാർക്ക് വിൽപന നടത്തി. മണ്ണമ്പറ്റ പുന്നാംപറമ്പ് നാലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ വലിയ ആറാട്ട് ദിവസം കുടുംബവീട്ടിൽനിന്ന് വഴിപാടായി കൊണ്ടുപോകുന്ന ഇണക്കാള കോലം ശ്രീരാമിെൻറ കരവിരുതിൽ പിറന്നതാണ്. 19 വയസ്സായ സഹോദരൻ വിഷ്ണുവാകട്ടെ നിമിഷനേരംകൊണ്ട് ഏതൊരു രൂപവും കടലാസിൽ പകർത്തിയാണ് ശ്രദ്ധേയനാകുന്നത്. ഒരാളുടെ രേഖാചിത്രം മിനിറ്റുകൾ കൊണ്ടാണ് വിഷ്ണു കടലാസിൽ കോറിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.