കേന്ദ്ര ബജറ്റിൽ ഉറ്റുനോക്കി ജില്ല
text_fieldsപാലക്കാട്: കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കുമ്പോൾ ജില്ലക്ക് വേണ്ടത് റെയിൽവേ വികസനത്തോടൊപ്പം കാർഷിക-വ്യാവസായിക മേഖലയിലും കൈത്താങ്ങ്. ജില്ലയുടെ അടിത്തറയായ കാർഷിക മേഖല പ്രതിസന്ധിയിലാണ്.ചെറുകിട കർഷകരെ താങ്ങി നിറുത്താനുതകുന്ന പദ്ധതികൾ ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ല. വയനാട്ടിലും കുട്ടനാടിലും നടപ്പാക്കിയപോലെ സമഗ്ര കാർഷിക പാക്കേജ് പാലക്കാട് പ്രതീക്ഷിക്കുന്നുണ്ട്. പി.എം കിസാൻ പദ്ധതി തുക 6000ൽനിന്ന് 8000 ആക്കി വർധിപ്പിക്കാൻ നിർദേശവും ഉണ്ടായേക്കും. തരിശുഭൂമിയിലടക്കം നെൽകൃഷി വ്യാപിപ്പിക്കാൻ സഹായകമാകുന്നതാണ് പദ്ധതി. നെല്ലുവില മുടങ്ങാതിരിക്കാനുള്ള നിധി രൂപവത്കരിക്കൽ, വിത്ത്, വളം, കാർഷിക യന്ത്രങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കൽ, വാഴ, പച്ചക്കറി, തെങ്ങ് കർഷകർക്ക് വിളനാശവും വരൾച്ച നഷ്ടവും പരിഹരിക്കാനുള്ള സഹായം, ക്ഷീര ഗ്രാമം പദ്ധതി വിപുലീകരണ സഹായം എന്നിവയും കർഷക സമൂഹം പ്രതീക്ഷിക്കുന്നു.
വ്യവസായ ഹബ് എന്ന പ്രതീക്ഷ
കൂടുതൽ തൊഴിൽ, വരുമാന വർധന എന്നിവക്കുതകുന്ന കാർഷികാധിഷ്ഠിത വ്യവസായങ്ങൾ കഞ്ചിക്കോട്ട് എത്തുമെന്ന പ്രതീക്ഷ ചെറുകിട വ്യവസായ മേഖലയിലുണ്ട്. പൊതുമേഖലയിലെ മലബാർ സിമന്റ്സ്, ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് പോലുള്ള പൊതുമേഖല സ്ഥാപനങ്ങളെ താങ്ങിനിർത്താൻ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു.
കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിയിലേക്ക് കൂടുതൽ വൻകിട വ്യവസായങ്ങളെത്താനുള്ള നടപടികൾ, കഞ്ചിക്കോട് ഐ.ടി.ഐ, ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് എന്നിവയുടെ ആധുനികവത്കരണം, പാലക്കാട് കേന്ദ്രീകരിച്ച ലോജിസ്റ്റിക് പാർക്ക്, വ്യവസായ മേഖലക്ക് സഹായകരമായ രീതിയിൽ കഞ്ചിക്കോട് ഐ.ഐ.ടിയെ വിദ്യഭ്യാസ ഹബ്ബാക്കി ഉയർത്തൽ എന്നിവ വ്യവസായ മേഖലയിലെ പ്രതീക്ഷകളാണ്.
പ്രതീക്ഷയോടെ റെയിൽവേ
ഷൊർണൂർ-കോയമ്പത്തൂർ മൂന്നാം പാളം യാഥാർഥ്യമാക്കാനുള്ള ഫണ്ട് ലഭ്യത ഉറപ്പാക്കുന്ന തീരുമാനമാണ് പ്രധാനമായി റെയിൽവേ മേഖല പ്രതീക്ഷിക്കുന്നത്.
പാലക്കാട് പിറ്റ് ലൈൻ നിർമാണം വേഗം പൂർത്തിയാക്കാനുള്ള സഹായം, കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലത്ത് മെമു ഷെഡ്, പാലക്കാട്-പൊള്ളാച്ചി പാതയിൽ തീർഥാടന കേന്ദ്രമായ പഴനിയും തുറമുഖമായ തൂത്തുക്കുടിയുമായി ബന്ധിപ്പിക്കുന്ന കൂടുതൽ ട്രെയിനുകൾ, പാലക്കാട്ടുനിന്നും കോഴിക്കോട്, എറണാകുളം, കോയമ്പത്തൂർ ടൗണുകളിലേക്ക് കൂടുതൽ പകൽ ട്രെയിനുകൾ, മംഗളുരു, രാമേശ്വരം എന്നിവിടങ്ങളിൽനിന്ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് കൂടുതൽ ട്രെയിനുകൾ, നിർമാണത്തിലിരിക്കുന്ന മേൽപാലങ്ങൾ, അടിപ്പാതകൾ, പ്ലാറ്റ്ഫോമുകൾ എന്നിവയുടെ പണി പൂറത്തിയാക്കാൻ അധിക ഫണ്ട്, പാലക്കാടിന് വന്ദേഭാരത് ട്രെയിൻ, ലോക്കോപൈലറ്റുമാരുടെ കുറവ് പരിഹരിക്കൽ എന്നിവ ജില്ല പ്രതീക്ഷിക്കുന്ന റെയിൽവേ വികസന സ്വപ്നങ്ങളാണ്.
നദീജല കരാറുകളുടെ ഭാവി
കുരിയാർ കുറ്റി-കാരപ്പാറ പദ്ധതി യാഥാർഥ്യമാക്കാൻ സാങ്കേതിക സാമ്പത്തിക സഹായം, പറമ്പിക്കുളം -ആളിയാർ പദ്ധതിയിലെ കാലഹരണപ്പെട്ട ജലസേചനക്കനാലുകൾ നന്നാക്കൽ എന്നിവയും ജില്ല പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.