കാർഷിക ജില്ലയെ കൈവിട്ട ബജറ്റ്
text_fieldsപാലക്കാട്: ചൊവ്വാഴ്ച ധനമന്ത്രി സീതാരാമൻ അവതരിപ്പിച്ചത് കാർഷിക ജില്ലക്ക് കാര്യമായ നേട്ടമില്ലാത്ത ബജറ്റ്. നാളികേരം, റബർ, തുടങ്ങി കാർഷിക വിളകളുടെ താങ്ങുവില ഉയർത്തുന്ന കാര്യത്തിൽ നിരാശ മാത്രമാണ് ബജറ്റ് നൽകിയത്. റെയിൽവേ, വ്യവസായം, കാർഷിക മേഖലകളിൽ കാര്യമായി എന്തെങ്കിലും പ്രതിക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. പ്രധാന പൊതുമേഖല സ്ഥാപനമായ ബെമൽ, ഐ.ടി.ഐ, റെയിൽവേ കോച്ചുഫാക്ടറി എന്നിവയിൽ പച്ചക്കൊടി പ്രതീക്ഷച്ചെങ്കിലും നിരാശയായിരുന്നു ഫലം.
റെയിൽവേ ഡിവിഷൻ വികസനവും പാലക്കാട്-പൊള്ളാച്ചി പാത ഇരട്ടിപ്പിക്കൽ, ഷൊർണൂർ എ.ബി സ്റ്റേഷൻ വികസനം, പാലക്കാട്-മലബാർ യാത്രദുരിതത്തിന് പരിഹാരം എന്നിവ പ്രതിക്ഷച്ചെങ്കിലും നിരാശയായിരുന്നു ഫലം. കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ വികസനം, ആരോഗ്യമേഖലയിൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്രതിക്ഷിച്ചെങ്കിലും അവയും നടന്നില്ല.
‘ചെറുകിട വ്യവസായ യൂനിറ്റുകൾക്ക് നേരിയ പ്രതീക്ഷ’
വ്യാവസായിക മേഖലയിലെ ചെറുകിട യൂനിറ്റുകൾക്ക് ചെറിയ തോതിൽ പ്രതീക്ഷ നൽകുന്നതാണ് ബജറ്റെന്ന് കഞ്ചിക്കോട് ഇന്റസ്ട്രിയൽ ഫോറം. പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിൽ വീടുകളുടെ എണ്ണം വർധിപ്പിതും കോറിഡോറുകളുടെ പ്രത്യേക പാക്കേജും മിഷ്യനറി വാങ്ങൽ പാക്കേജും പ്രതീക്ഷ നൽകുന്നു. അരതേസമയം, സംസ്ഥാനത്തെ രണ്ടാമത്തെ വ്യാവസായിക മേഖലയായ കഞ്ചിക്കോടിന് പ്രത്യേക പാക്കേജ് ഇല്ലെന്നും ചൂണ്ടിക്കാട്ടി.
വെറുതെ മോഹിച്ചു; കോച്ച് ഫാക്ടറി ഇത്തവണയുമില്ല
പാലക്കാട്: നെല്ലറക്കാരുടെ മോഹനസ്വപ്നമായ കോച്ച് ഫാക്ടറി ഈ പ്രവാശ്യവും കേന്ദ്ര ബജറ്റിൽ ഇടം പിടിച്ചില്ല. സംസ്ഥാനത്ത് രണ്ടാമത്തെ വലിയ വ്യവസായ മേഖലയെന്നാണ് കഞ്ചിക്കോട് അറിയപ്പെടുന്നത്. 2008ലെ ബജറ്റില്‍ പാലക്കാടും റായ്ബറേലിയിലും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചു. റായ്ബറേലിയിലെ കോച്ച്ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുകയും കേരളത്തെ അവഗണിക്കുകയുമാണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. 2006ൽ സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോൾ കേരളത്തിനുണ്ടായ നഷ്ടം നികത്താനാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. 2008 ൽ ബജറ്റ് പ്രഖ്യാപനം നടത്തി പുതുശ്ശേരി പഞ്ചായത്തിൽ കഞ്ചിക്കോട് മേഖലയിൽ 32.44 കോടി രൂപ മുടക്കി 439 ഏക്കർ സ്ഥലവും കോച്ച് ഫാക്ടറിക്കായി സ്ഥലമേറ്റെടുത്തു.
2011 ഫെബ്രവരിയിൽ 21ന് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. കേന്ദ്ര സർക്കാറുകളുടെ ബജറ്റുകളോരോന്നും കടന്നുപോകുമ്പോഴും കഞ്ചിക്കോട് കോച്ച് ഫാക്ടറി മലർപൊടിക്കാരന്റെ സ്വപ്നം പോലെയായി. തറക്കല്ലിട്ട് ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും ജില്ലയുടെ സമഗ്രവികസനത്തിനു തന്നെ നാഴികക്കല്ലാവേണ്ടിയിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി ഫയലുകളിൽ മാത്രം ഒതുങ്ങി. 2018 ൽ നവംബറിൽ കോച്ച് ഫാക്ടറി ആരംഭിക്കില്ലെന്നു കാണിച്ച് സംസ്ഥാന സർക്കാറിന് കേന്ദ്രം കത്ത് നൽകിയിരുന്നു.
പലപ്പോഴും ചൂടേറിയ ചർച്ചകൾ നടത്തിയെങ്കിലും സംസ്ഥാനത്തെ റെയിൽവേ വികസനത്തിൽ തന്നെ ഏറെ സ്ഥാനം പിടിക്കേണ്ട കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്ന പദ്ധതി നാളുകൾ കഴിഞ്ഞതോടെ കരിമ്പനക്കാറ്റിൽ പറന്നു. എന്നാൽ, ഇപ്പോഴും നെല്ലറ ഒരോ കേന്ദ്ര ബജറ്റിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് കോച്ചുഫാക്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.