കോട്ടായിയിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ അനുമതി
text_fieldsകോട്ടായി: കോട്ടായിയിൽ മിനി ബസ് സ്റ്റാൻഡ് നിർമിക്കാൻ അനുമതി ലഭിച്ചതോടെ നാട്ടുകാരുടെ ഏറെ കാലത്തെ ആഗ്രഹ സഫലീകരണത്തിന് കളമൊരുങ്ങുന്നു. ഏറെ ഗതാഗതത്തിരക്കുള്ള, മൂന്നു പ്രധാന റോഡുകൾ സംഗമിക്കുന്ന കോട്ടായി സെൻറർ പൊതുവെ ഇടുങ്ങിയ ടൗണാണ്. നൂറോളം റൂട്ട് ബസുകൾ സർവിസ് നടത്തുന്ന കോട്ടായി സെൻററിൽ ബസുകൾ നിർത്തുന്നതും ഓട്ടോ-ടാക്സി സ്റ്റാൻഡും കാരണം ഗതാഗതം വീർപ്പുമുട്ടിക്കുകയാണ്. ഇതിനു പരിഹാരമായാണ് മിനി ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെയും കോട്ടായി ഗവ. ഹൈസ്കൂളിന്റെയും മധ്യത്തിൽ മലമ്പുഴ മെയിൻ കനാലിനു മുകളിൽ 100 മീറ്റർ ദൂരം കോൺക്രീറ്റ് സ്ലാബ് നിരത്തിയാണ് മിനി ബസ് സ്റ്റാൻഡ് നിർമിക്കാൻ പദ്ധതി. സ്റ്റാൻഡ് നിർമിച്ചാൽ ടൗണിലെ ഓട്ടോ-ടാക്സി സ്റ്റാൻഡും അവിടേക്ക് മാറ്റും.
ബസ് സ്റ്റാൻഡ് പണിയാൻ സർക്കാറിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും അനുമതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് എ. സതീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം പി.പി. സുമോദ് എം.എൽ.എ, മലമ്പുഴ ഇറിഗേഷൻ അസി. എൻജിനിയർ, ബ്ലോക്ക് പ്രസിഡൻറ് ടി.കെ. ദേവദാസ്, പഞ്ചായത്ത് പ്രസിഡൻറ് എ. സതീഷ്, മറ്റു ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. മലമ്പുഴ കനാലിനു മുകളിൽ കോൺക്രീറ്റ് സ്ലാബ് നിരത്താൻ 40 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പിന് നൽകേണ്ടതുണ്ട്. സ്റ്റാൻഡ് നിർമാണത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നും തുക കണ്ടെത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.