നഗരത്തിൽ ബസുകൾക്ക് തോന്നുംപടി സ്റ്റോപ്
text_fieldsപാലക്കാട്: തിരക്കേറിയ നഗരത്തിൽ സ്വകാര്യ ബസുകളുടെ അനധികൃത സ്റ്റോപ് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാവുന്നു. അംഗീകൃത സ്റ്റോപ്പിൽ വശം ചേർത്ത് നിർത്തുന്നതിന് പകരം റോഡിന് നടുവിൽ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. സ്റ്റോപ് ഇല്ലാത്ത സ്ഥലത്ത് പാതയുടെ നടുവിൽ പെട്ടെന്ന് നിർത്തുന്നത് പിറകിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നു.
ഏറെ തിരക്കുള്ള നഗരത്തിൽ അമിത വേഗതയിലും അശ്രദ്ധയോടെയുമാണ് ബസുകൾ ഉൾപ്പെടെ പോകുന്നത്. ഓരോ വാഹനങ്ങൾക്കും നഗരത്തിലുള്ള വേഗപരിധി പാലിക്കുന്നുണ്ടോ എന്ന് അധികൃതരും ശ്രദ്ധിക്കുന്നില്ല.
കഴിഞ്ഞ ദിവസം രാവിലെയാണ് പാലക്കാട് നഗരസഭക്ക് മുന്നിലുണ്ടായ വാഹനാപകടത്തില്‍ ആശാവര്‍ക്കറായ ചിറ്റൂര്‍ മന്നാടിയാര്‍ ലൈന്‍ താഴത്തെ ഹൗസില്‍ വേണുഗോപാലന്റെ ഭാര്യ അംബിക ദേവി(43) മരിച്ചത്. വളവുള്ള ഇവിടെ വാഹനങ്ങൾ വേഗനിയന്ത്രണം പാലിക്കുന്നില്ല. മാത്രമല്ല സുൽത്താൽപേട്ട റോഡ് വന്ന് സംഗമിക്കുന്നതും സമീപത്താണ്. ഐ.എം.എ റോഡിലും ട്രാഫിക് ലംഘനം പതിവ്.
സ്റ്റേഡിയം സ്റ്റാൻഡിൽനിന്ന് വരുന്ന ബസുകളും സുൽത്താൻപേട്ട ഭാഗത്തുനിന്ന് വരുന്ന ബസുകളുമാണ് ഇവിടെ നിർത്തിയിടുന്നത്. സ്വകാര്യ ബസുകൾക്കു പുറമെ ഒലവക്കോട് ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും ഇവിടെ നിർത്തിയിടാറുണ്ട്. ബസുകൾ നിർത്തരുതെന്ന് ട്രാഫിക് പൊലീസിന്റെ മുന്നറിയിപ്പു ബോർഡുണ്ടെങ്കിലും കാര്യമാക്കുന്നില്ല. സ്റ്റേഡിയം സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന മിക്ക ബസുകളും ഇവിടെ യാത്രക്കാരെ കയറ്റാൻ നിർത്തുന്നുണ്ട്.
ബസുകൾ റോഡിൽ സമാന്തരമായി നിർത്തിയിടുന്നതാണ് മിക്കപ്പോഴും കുരുക്കിന് കാരണമാവുന്നത്. കൽമണ്ഡപം ഭാഗത്തുനിന്നുള്ള ബസുകളും സ്വകാര്യ വാഹനങ്ങളും സ്റ്റേഡിയം ബൈപാസിലേക്കു കയറി വേണം സുൽത്താൻപേട്ട റോഡിലേക്കു പ്രവേശിക്കാനെന്നതിനാൽ ഇവിടെ സ്വകാര്യ ബസുകളുടെ പാർക്കിങ് പലപ്പോഴും തിരക്കിന് കാരണമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.