പിരായിരി കാമറക്കണ്ണിലേക്ക്; മാലിന്യം തള്ളിയാൽ പണി കിട്ടും
text_fieldsപിരായിരി: മാലിന്യപ്രശ്നങ്ങൾ കൊണ്ടു പൊറുതിമുട്ടുന്ന പഞ്ചായത്തിന് ആശ്വാസമായി കാമറ സ്ഥാപിക്കാൻ തീരുമാനം. പഞ്ചായത്തിൽ മാലിന്യം കുന്നുകൂടുന്ന പ്രധാന സ്ഥലങ്ങൾ കണ്ടെത്തി ഇവിടങ്ങളിലാണ് കാമറ സ്ഥാപിക്കുന്നത്.
പേഴുങ്കര പാലം, മേപ്പറമ്പ്, പൊടിപ്പാറ റോഡ്, രാജീവ് ഗാന്ധി ആശുപത്രി പരിസരം, പാനപ്പറമ്പ്, മാപ്പിളക്കാട്, മാപ്പിളക്കാട് കനാൽ പരിസരം, വില്ലേജ് ഓഫിസിന് സമീപം എന്നിങ്ങനെ എട്ട് കേന്ദ്രങ്ങളിലാണ് കാമറ സ്ഥാപിക്കാൻ തീരുമാനമായത്. പഞ്ചായത്ത് ഫണ്ടിൽനിന്നും 14,67,000 രൂപ ഉപയോഗിച്ചാണ് പുതിയ പദ്ധതി യാഥാർഥ്യമാക്കുന്നത്. എട്ട് സ്ഥലങ്ങളിലെ കാമറ ദൃശ്യങ്ങൾ കാണുന്നതിന് പഞ്ചായത്തിൽ വാർ റൂം സജ്ജീകരിച്ച് അവിടെ കാണാൻ കഴിയുന്ന രീതിയിലാണ് സംവിധാനം.
കാമറയുടെ പരിപാലനം കെൽട്രോണിനാണ് നൽകിയിട്ടുള്ളത്. കാമറ നിരീക്ഷിക്കാൻ പ്രത്യേകമായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ഇയാൾക്ക് മൊബൈലിൽ ആപ്ലിക്കേഷൻ വഴിയും ദൃശ്യങ്ങൾ നിരീക്ഷിക്കാം. മാലിന്യം തള്ളാനെത്തി കാമറയിൽ പെടുന്നവർ ഒരു മണിക്കൂറിൽ പിടിയിലാകും.
ഇവരിൽ നിന്ന് പിഴയീടാക്കാനാണ് പഞ്ചായത്ത് തീരുമാനം. റോഡരികിൽ ഇരുട്ടിന്റെ മറവിൽ കോഴി മാലിന്യവും ഭക്ഷണ പദാർഥങ്ങളും ഉൾപ്പെടെ വ്യാപകമായി തള്ളുന്നത് പതിവാണ്. മാലിന്യവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ദിനംപ്രതി പഞ്ചായത്തിലെത്തുന്നത്.
ഈ പ്രശ്നങ്ങൾ പരിഹരിക്കാനായാണ് പഞ്ചായത്ത് ഭരണസമിതി പുതിയ കാമറകൾ സ്ഥാപിക്കുന്നത്. കാമറ സ്ഥാപിക്കലിന്റെ പ്രവർത്തികൾ പുരോഗമിക്കുന്നുവെന്നും ജൂൺ ആദ്യവാരം മുതൽ കാമറക്കണ്ണുകൾ പ്രവർത്തിച്ച് തുടങ്ങുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.