ലക്ഷ്യം കാണാതെ ദേശീയപാതയിലെ കാമറകൾ
text_fieldsപാലക്കാട്: നിയമലംഘനങ്ങൾ കണ്ടെത്താൻ ദേശീയപാതയിൽ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകൾ ലക്ഷ്യം കാണുന്നില്ല. അമിത വേഗത, അപകടം ഉൾപ്പടെ എല്ലാത്തിന്റെയും പൂർണ വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കാമറവഴി ലഭ്യമാക്കുന്നതിനാണ് 2018ൽ ദേശീയപാത 544 നാലുവരി പാതയിൽ വടക്കഞ്ചേരി മുതൽ വാളയാർ വരെ 54 കിലോമീറ്റർ ദൂരത്തിൽ 37 നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്.
ദേശീയപാതയിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നിട്ടും അപകടം സംഭവിച്ചാൽ ദേശീയപാതക്ക് സമീപം സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ സ്ഥാപിച്ച സി.സി.ടി.വിയെ ആശ്രയിക്കണം. കെൽട്രോൺ ആണ് കാമറ സ്ഥാപിച്ചത്. എന്നാൽ ഇന്ന് ഇവയിൽ പലതും പ്രവർത്തന രഹിതമാണ്. കഴിഞ്ഞ ദിവസം ദേശീയപാത മണലൂരിൽ വയോധികയുടെ മരണത്തിന് കാരണമായ അപകടത്തിന്റെ ദൃശ്യം സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ നിന്നാണ് ലഭിച്ചത്. വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദൂരത്തിൽ മാത്രം സ്ഥിരം അപകടമേഖലകൾ 30 എണ്ണമാണ്. നവീകരണം പൂർത്തിയായ ശേഷം ദേശീയപാത 544ൽ സിഗ്നൽ സംവിധാനങ്ങൾ, സർവിസ് റോഡുകൾ, നിരീക്ഷണ കാമറകൾ എന്നിവയൊക്കെയുണ്ടായിട്ടും അനുദിനം അപകടത്തിന്റെ തോത് ഉയരുന്നത് പരിതാപകരമാണ്.
ഈ വർഷം ഇതുവരെ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ഭാഗത്ത് നടന്നത് നൂറോളം അപകടങ്ങളാണെന്നിരിക്കെ കൂടുതലും കണ്ണനൂർ, കാഴ്ചപ്പറമ്പ്, വടക്കഞ്ചേരി, വാളയാർ മേഖലകളിലാണ്. ഓരോ അപകടങ്ങൾ സംഭവിക്കുമ്പോഴും ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു. നാളുകൾ നീണ്ട പരിശോധനകൾ അവസാനിക്കുന്നതോടെ വീണ്ടും നിരത്തുകൾ കുരുതിക്കളമാകുന്നു. നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണത്തിനൊപ്പം സാങ്കേതിക സംവിധാനങ്ങൾ വളരുമ്പോഴും പ്രതിവർഷം വാഹനാപകടങ്ങളുടെയും മരിക്കുന്നവരുടെയും എണ്ണം കൂടിവരുന്ന സ്ഥിതി ദയനീയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.