അർബുദ രോഗിയുടെ പെൻഷൻ അപേക്ഷ:മെഡി. സർട്ടിഫിക്കറ്റ് നിബന്ധന രോഗികളെ വലക്കുന്നു
text_fieldsഒറ്റപ്പാലം: സർക്കാർ നടപ്പാക്കിയ കാൻസർ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾ വർഷംതോറും വില്ലേജ് ഓഫിസർക്ക് നൽകുന്ന അപേക്ഷയോടൊപ്പം ജില്ല ആശുപത്രിയിലെ ഓങ്കോളജിസ്റ്റിെൻറ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന രോഗികളെ വലക്കുന്നു.രോഗി നേരിട്ട് ഹാജരാകണമെന്ന നിഷ്കർഷ മൂലം അവശരും ആൾ സഹായമില്ലാത്തവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ചെത്തി ജില്ല ആസ്ഥാനത്ത് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. നിർധനരായ രോഗികൾക്ക് സാമ്പത്തിക പ്രയാസവും ശാരീരിക ബുദ്ധിമുട്ടുകളുമാണ് ഇതുമൂലമുണ്ടാകുന്നത്.
ജില്ല ആശുപത്രിയിലെത്തി ഒ.പി ടിക്കറ്റുമെടുത്ത് മറ്റു രോഗികളോടൊപ്പം മണിക്കൂറുകളോളം കാത്ത് നിന്ന് വേണം മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ.
താലൂക്ക് ആശുപത്രികളിലെ ഓങ്കോളജിസ്റ്റ് നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് പെൻഷൻ നിഷേധിക്കപ്പെട്ട അനുഭവമുണ്ടെന്ന് സിറ്റിസൺ ഫോറം ഭാരവാഹികൾ ആരോപിച്ചു. തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രികളിലേയോ ഇതര സർക്കാർ ആശുപത്രികളിലെയോ ഓങ്കോളജിസ്റ്റുമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മതിയെന്നതിന് സർക്കാർ ഉത്തരവ് നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചതായി ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ, താലൂക്ക് പ്രസിഡൻറ് വി.പി. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.