കഞ്ചാവ് കേസ്: പ്രതികൾക്ക് ഒരു വർഷം കഠിനതടവും പിഴയും
text_fieldsപാലക്കാട്: വാഹനപരിശോധനക്കിടെ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ പ്രതികൾക്ക് ഒരു വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വിതം പിഴയും ശിക്ഷ. മലപ്പുറം ഏറനാട് എടവണ്ണ പാലതങ്കൽ വീട്ടിൽ റനീഷ് (33), മലപ്പുറം ഏറനാട് പെരുകമണ്ണ ചാത്തല്ലൂർ ദേശത്ത് മൂർഖൻ വീട്ടിൽ ജംഷീർ (34) എന്നിവരെയാണ് സെക്കൻഡ് അഡീഷനൽ ജഡ്ജ് ഡി. സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴത്തുക അടക്കാത്തപക്ഷം മൂന്നുമാസം വീതം അധികതടവിനും വിധിച്ചു. 2016 നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ഗോപാലപുരം എക്സൈസ് ചെക്ക് പോസ്റ്റിനു മുന്നിൽ വാഹനപരിശോധനക്കിടെ പൊള്ളാച്ചി-പാലക്കാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. ചിറ്റൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷാജിയാണ് പ്രതികളെ പിടികൂടിയത്. ചിറ്റൂർ എക്സൈസ് സി.ഐ പി. അനിൽകുമാർ കേസ് അന്വേഷിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. പ്രോസിക്യൂഷനായി എൻ.ഡി.പി.എസ് സ്പെഷൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.