റേഷൻ നഷ്ടപ്പെട്ട കാർഡുടമകൾ കോടതിയെ സമീപിച്ചു
text_fieldsപാലക്കാട്: റേഷൻകടകളിൽ സ്റ്റോക്കില്ലാത്തതിനാൽ ഏപ്രിലിൽ ഭാഗികമായി ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയ ഉപഭോക്താക്കളെ പൊതുവിതരണ വകുപ്പ് കൈവിട്ടതോടെ കാർഡുടമകൾ കോടതിയെ സമീപിച്ചു. റിട്ട് ഫയലിൽ സ്വീകരിച്ച ഹൈകോടതി സർക്കാറിന്റെ വിശദീകരണത്തിനായി ഒരാഴ്ച സമയം അനുവദിച്ചു. ഏപ്രിലിൽ പൂർണമായും റേഷൻ വാങ്ങാത്തവർക്ക് മേയിൽ ഏപ്രിലിലെ വിഹിതം വാങ്ങാൻ ഇ-പോസ് യന്ത്രത്തിൽ ക്രമീകരണം വരുത്തിയിരുന്നു. എന്നാൽ, വിവിധ സ്കീമുകളിൽ ഭാഗികമായി കൈപ്പറ്റിയവർക്ക് ബാക്കി നൽകാൻ ക്രമീകരണം നടത്തിയില്ലെന്ന് പരാതിക്കാർ പറയുന്നു.
ഒലവക്കോട് എഫ്.സി.ഐ പരിസരത്തെ ഒരുവിഭാഗം ലോറി ജീവനക്കാരും എൻ.എഫ്.എസ്.എ കരാറുകാരും തമ്മിൽ ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്നത് സംബന്ധിച്ച തർക്കമാണ് ഏപ്രിലിലെ ധാന്യവിതരണം തടസ്സപ്പെടുന്നതിലേക്ക് എത്തിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമുള്ള ധാന്യങ്ങളാണ് ഭൂരിഭാഗം കാർഡുടമകൾക്കും ഏപ്രിലിൽ ലഭിക്കാതിരുന്നത്. ഏതെങ്കിലും പ്രദേശത്തെ റേഷൻ അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാറിന്‍റെയോ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയോ അലംഭാവമോ മറ്റെന്തെങ്കിലും അപ്രതീക്ഷിത കാരണമോ മൂലം റേഷൻ ലഭിക്കാതെ വന്നാൽ ഭക്ഷ്യഭദ്രത ബത്ത ലഭിക്കുവാനുള്ള അർഹതയുണ്ട്. ഇതുപ്രകാരമാണ് കോങ്ങാട് സ്വദേശികളായ ഉണ്ണികൃഷ്ണൻ, സുലൈമാൻ എന്നിവർ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.