നെല്ലുവില ബാങ്ക് ലോണായി നൽകൽ; ഹൈകോടതിയിൽ കേസ്
text_fieldsപാലക്കാട്: സപ്ലൈകോ കർഷകരിൽനിന്ന് താങ്ങുവിലയ്ക്ക് നെല്ല് സംഭരിച്ചശേഷം പണം ബാങ്ക് വായ്പയായി നൽകാൻ തീരുമാനിച്ച സപ്ലൈകോ നടപടിക്കെതിരെ ദേശീയ കർഷക സംരക്ഷണ സമിതി ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിൽ മാർച്ച് 17ന് വാദം കേൾക്കും.
ഈ സീസൺ മുതൽ നെല്ലുവില കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്നാണ് സപ്ലൈകോ ഒന്നാംവിള സംഭരണത്തിന്റെ തുടക്കത്തിൽ പറഞ്ഞത്. ഇതുപ്രകാരം 320.81 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകി. സപ്ലൈകോയുടെ കൈവശം ഉണ്ടായിരുന്ന പണം തീർന്നതോടെ ബാക്കി കൊടുക്കാനുള്ള 134.53 കോടിക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളെ സമീപച്ചെങ്കിലും കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാൻ പറ്റില്ലെന്നും താങ്ങുവില വായ്പയായി നൽകാമെന്നുമായിരുന്നു ബാങ്ക് നിലപാട്.
പണത്തിനായി കർഷകർ പ്രതിഷേധം ശക്തമാക്കിയതോടെ കേരള ബാങ്കിൽനിന്നും 195 കോടി രൂപ വായ്പയെടുത്താണ് നെല്ലു വില നൽകുന്നത്. പി.ആർ.എസ് ഷീറ്റുമായി കേരള ബാങ്കിന്റെ ശാഖയിലെത്തുന്ന കർഷകനോട് വായ്പ ഫോറത്തിൽ ഒപ്പിടിച്ചാണ് പണം നൽകുന്നത്.
ഈ തുക 7.65 ശതമാനം പലിശനിരക്കിൽ സപ്ലൈകോ തിരിച്ചടയ്ക്കണം. എന്നാൽ തിരിച്ചടവിൽ കാലതാമസം നേരിട്ടാൽ കർഷകന് മറ്റു വായ്പകൾ ലഭിക്കില്ല. കർഷകനെ വായ്പക്കാരനാക്കുന്നതോടൊപ്പം ധനകാര്യസ്ഥാപനങ്ങൾ വായ്പയോഗ്യത നിശ്ചിയിക്കുന്ന സിബിൽ സ്കോർ സംവിധാനത്തിന്റെ ഭാഗമാക്കുകയു ചെയ്യും.
മുൻവർഷങ്ങളിൽ ഇത്തരത്തിൽ വായ്പ അനുവദിക്കുകയും സർക്കാർ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതോടെ കർഷകർക്ക് മറ്റുവായ്പകൾ ലഭിക്കുന്നതിൽ ഏറെ തടസ്സങ്ങൾ ഉണ്ടായി. കേരള ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് അകൗണ്ട് തുടങ്ങിയാലേ പണം ലഭിക്കു. ഇതിൽ പ്രതിഷേധിച്ചാണ് കർഷക സംരക്ഷണ സമിതി ഹൈകോടതിയെ സമീപച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.