കാറ്ററിങ് യൂനിറ്റുകൾക്ക് രജിസ്ട്രേഷൻ പോര, ലൈസൻസ് നിർബന്ധം
text_fieldsപാലക്കാട്: കാറ്ററിങ് സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് (ലൈസൻസിങ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ഫുഡ് ബിസിനസ്) റെഗുലേഷൻ 2011 ഷെഡ്യൂൾ-നാല്, പാർട്ട് അഞ്ച് പ്രകാരമുള്ള നിബന്ധനകൾ പാലിച്ചുമാത്രമേ കാറ്ററിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂ. കാറ്ററിങ് സർവിസുകൾക്ക് എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധമാണ്. രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നത് അനുവദനീയമല്ല. ഇവിടങ്ങളിൽനിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സാമ്പിളുകൾ നിർബന്ധമായും രണ്ട് ദിവസം കേടുവരാത്ത രീതിയിൽ സൂക്ഷിക്കണം. ഇത് പരിശോധനകൾക്ക് ആവശ്യമുള്ള പക്ഷം ഹാജരാക്കണം.
ശീതീകരിച്ച ഭക്ഷണം അഞ്ച് ഡിഗ്രി സെല്‍ഷ്യസിന് താഴെയും ചൂടുള്ള ഭക്ഷണം 60 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും സൂക്ഷിക്കണം. കാറ്ററിങ് സർവിസ് സ്ഥാപനത്തിലെ ഒരു സൂപ്പർവൈസർ എങ്കിലും എഫ്.എസ്.എസ്.എ.ഐയുടെ ട്രെയിനിങ് നിർബന്ധമായും നേടിയിരിക്കണം. ഇങ്ങനെ പരിശീലനം നേടിയ ആൾ, സ്ഥാപനത്തിലെ മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകുകയും വേണം. പരിശീലനം സംബന്ധിച്ച സംശയങ്ങൾക്കായി ഭക്ഷ്യസുരക്ഷ അസി. കമീഷണർമാർ, ഭക്ഷ്യസുരക്ഷ ഓഫിസർമാർ എന്നിവരുമായി ബന്ധപ്പെടണം. പരിശോധനകൾ ഊർജിതമാക്കുകയും നിയമലംഘനം കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. കാറ്ററിങ് സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ അത്തരം യൂനിറ്റുകൾക്ക് അഞ്ച് ലക്ഷം രൂപ വരെ പിഴയും നടത്തിപ്പുകാർക്ക് ആറുമാസം വരെ തടവുശിക്ഷയും വിധിക്കാൻ വകുപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.