സി.ബി.എസ്.ഇ ജില്ല കലോത്സവം; ഒന്നാംദിനം സെന്റ് ഡൊമിനിക്
text_fieldsപാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ ആരംഭിച്ച സി.ബി.എസ്.ഇ ജില്ല കലോത്സവം 'സങ്കൽപ്'ന്റെ ആദ്യദിനമായ തിങ്കളാഴ്ച 293 പോയന്റുകളുമായി ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുന്നേറ്റം. 213 പോയന്റുകളുമായി മൗണ്ട് സീന പബ്ലിക് സ്കൂൾ പത്തിരിപ്പാല രണ്ടാം സ്ഥാനത്തും 197 പോയന്റുമായി പട്ടാമ്പി എം.ഇ.എസ് ഇന്റർനാഷനൽ സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്.
അവസാന ഫലമറിയുമ്പോൾ നാലു കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളിൽ കാറ്റഗറി ഒന്ന് - 16, രണ്ട് - 59, മൂന്ന് - 81 പോയന്റുകളും കാറ്റഗറി നാല് - 91, പൊതുവിഭാഗം - 46 എന്നിങ്ങനെ 288 പോയന്റാണ് സെന്റ് ഡൊമിനിക് സ്കൂളിന്റെ സ്കോർ. കാറ്റഗറി ഒന്ന് - നാല്, രണ്ട് - 12, മൂന്ന് - 119, കാറ്റഗറി നാല് - 60, പൊതുവിഭാഗം - 18 എന്നിങ്ങനെ 210 പോയന്റുകളാണ് മൗണ്ട് സീനയുടെ സ്കോർ.
തിങ്കളാഴ്ച രാവിലെ ആതിഥേയരായ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ അങ്കണത്തിൽ നടന്ന വർണാഭമായ ചടങ്ങിലാണ് കലോത്സവത്തിന് തിരിതെളിഞ്ഞത്. കുട്ടികളുടെ ചെണ്ടമേളം, ബാന്റ്, അമ്മമാരുടെ ഘോഷയാത്ര തുടങ്ങി കലാ - കായിക പ്രകടനങ്ങളും നടന്നു.
സി.ബി.എസ്.ഇ ജില്ല സഹോദയ പ്രസിഡന്റ് ഷാജി കെ. തയ്യിൽ ഉദ്ഘാടനം ചെയ്തു. സെന്റ് റാഫേൽസ് വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ്, സെന്റ് റാഫേൽസ് മാനേജർ ഫാ. ജോഷി പുലിക്കോട്ടിൽ, പ്രിൻസിപ്പൽ ഡോ. സനിൽ ജോസ്, പി.ഡി.എസ്.എസ്.സി ട്രഷർ പി. ഉണ്ണികൃഷ്ണൻ, പി.ടി.എ ഭാരവാഹികളായ മിനി ബാബു, വിത്സൺ കരേറക്കാട്ടിൽ, ആർട്സ് സെക്രട്ടറി തന്മയ മനോജ്, അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി ഗായത്രി സുരേഷ്, പി.ഡി.എസ്.എസ്.സി സിന്ധു ബാലഗോപാൽ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കം 28ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.