കണ്ണടച്ച് കാമറകൾ
text_fieldsപാലക്കാട്: വടക്കഞ്ചേരി-വാളയാർ ദേശീയപാതയിലെ നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ. മോട്ടോർ വാഹന വകുപ്പ് ദേശീയപാതയിലെ നിയമലംഘനകൾ കണ്ടെത്താൻ സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ 11 എണ്ണമാണ് പ്രവർത്തനരഹിതമായത്.
2018ലാണ് ദേശീയപാത 544 നാലുവരി പാതയിൽ വടക്കഞ്ചേരി മുതൽ വാളയാർ വരെ 54 കിലോമീറ്റർ ദൂരത്തിൽ 37 നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ദേശീയപാതയിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
അമിത വേഗം, അപകടം ഉൾപ്പെടെയുള്ള എല്ലാത്തിന്റെയും പൂർണ വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകും. കെൽട്രോണാണ് കാമറ സ്ഥാപിച്ചത്. എന്നാൽ, ഒരു വർഷത്തോളമായി ഇവയിൽ പലതും പ്രവർത്തനരഹിതമാണ്.
ദിശമാറിയ കാമറകൾ നേരെയാക്കാൻ നടപടിയില്ല. ദേശീയപാത കണ്ണാടി മണലൂരിൽ കാമറ ഒരു വർഷം മുമ്പാണ് ദിശ മാറിയത്.
തൂണുകൾ തിരിഞ്ഞതാണ് ഫോക്കസ് മാറാൻ കാരണം. പാതക്ക് ഇരുവശത്തുമുള്ള വയലുകളിലേക്കാണ് കാമറയുടെ ഫോക്കസ്. ദിശ മാറിയതിനെ കുറിച്ച് നവമാധ്യമങ്ങളിൽ നിരവധി ട്രോളുകൾ വന്നെങ്കിലും മാറ്റാൻ നടപടി സ്വീകരിച്ചിട്ടില്ല. അറ്റകുറ്റപ്പണികൾ നടത്താൻ ഏൽപിച്ച ഏജൻസിക്ക് തുക ലഭിക്കാതെ വന്നതോടെയാണ് പ്രവൃത്തികളിൽ വീഴ്ച സംഭവിച്ചത്. കഴിഞ്ഞ ദിവസം വടക്കഞ്ചേരി വാഹനാപകടത്തിൽ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായിരുന്നു.
അന്തർ സംസ്ഥാന ദേശീയപാതകളിൽ പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ വാഹനസഞ്ചാരമുള്ളതുമാണ് വാളയാർ-വടക്കഞ്ചേരി ദേശീയപാത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.