സ്വാതന്ത്ര്യരാത്രിയിൽ പിറന്ന ആൽമരമുത്തശ്ശിയുടെ പിറന്നാൾ കൊണ്ടാടാൻ നാടൊന്നിച്ചു
text_fieldsകൊല്ലങ്കോട്: സ്വാതന്ത്ര്യ ദിനത്തിൽ പിറന്ന ആൽമരമുത്തശ്ശിയുടെ പിറന്നാൾ ആഘോഷിക്കാൻ നാട് ഒന്നിച്ചു. സ്വാതന്ത്ര്യ ദിനത്തിലെ അർദ്ധരാത്രിയിലാണ് വടവന്നൂർ വൈദ്യശാലയിലെ സംസ്കൃത പണ്ഡിതനും ആയുര്‍വേദ ചികിത്സകനുമായിരുന്ന വടക്കേപ്പാട്ട് നാരായണന് നായര്‍ വടവന്നൂര്‍ വൈദ്യശാലക്ക് സമീപം ആൽമരം നട്ടത്.
76 വയസ് പൂർത്തിയായ ആൽമരച്ചുവട്ടിൽ സ്വാതന്ത്യദിനാഘോഷവും പിറന്നാൾ ദിനാചരണവും നടന്നു. വടക്കേപ്പാട്ട് നാരായണന് നായരുടെ മകൻ അഡ്വ. കുളവരമ്പത്ത് മധുസൂദനൻനായരും പേരമക്കളും എത്തി. വടക്കേപ്പാട്ട് കുടുംബത്തിന്റെ സഹായത്താല്‍ ഗ്രാനൈറ്റ് സ്ഥാപിച്ച് മോടിപിടിപ്പിച്ച് ചുറ്റിലും ഇരിപ്പിടമൊരുക്കിയതിന്റെ ഉദ്ഘാടനം വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സക്കീർ ഹുസൈൻ നിർവഹിച്ചു.
എസ്. മുകുന്ദൻ, പി. ഗോപിനാഥമേനോൻ, ആർ. ജയേഷ്, എസ്. പ്രദീപ് എന്നിവരാണ് ആല്‍വൃക്ഷ സംരക്ഷണ കൂട്ടായ്മയുമായി മുന്നോട്ടു പോകുന്നത്. ആൽമരത്തിനു സമീപം മാലിന്യം നിക്ഷേപിക്കാതിരിക്കാനും മറ്റ് സാമുഹ്യ വിരുദ്ധ ശല്യം തടയാനും സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന് വൈദ്യശാല ആൽവൃക്ഷ സംരക്ഷണ കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. ചടങ്ങിൽ വൈദ്യശാല ആൽവൃക്ഷ സംരക്ഷണ കൂട്ടായ്മ പ്രതിനിധി പി. ഗോപിനാഥമേനോൻ അധ്യക്ഷത വഹിച്ചു.
വടവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സക്കീർഹുസൈൻ, വൈസ് പ്രസിഡന്റ് ആർ. ബിന്ദു, അഡ്വ. കുളവരമ്പത്ത് മധുസൂദനൻ നായർ, ദേശ കാരണവർ എം. സനൽകുമാര മേനോൻ, പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ, മഹേഷ്, വടവന്നൂർ ദേശം പ്രസിഡന്റ് യു. പ്രസന്ന, കെ. വേണു, മലബാർ ദേവസ്വം ബോർഡ് അംഗം മോഹനൻ, ജയേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.