ചാലിശ്ശേരിയിൽ ആദ്യ ബൂട്ടണിഞ്ഞ പി.ടി. കുഞ്ഞപ്പൻ 92ന്റെ നിറവിൽ
text_fieldsകൂറ്റനാട്: കാൽപന്ത് കളിയുടെ ആരവം നെഞ്ചേറ്റിയ പുലിക്കോട്ടിൽ വീട്ടിൽ കുഞ്ഞപ്പൻ 92െൻറ നിറവിൽ. ചാലിശ്ശേരി ഗ്രാമത്തില്‍ പണ്ട് ആദ്യമായി ബൂട്ടണിഞ്ഞതും ഇദ്ദേഹമാണ്. പ്രായാധിക്യത്തിലും ഫുട്ബാളിനെക്കുറിച്ചുള്ള ഓർമകൾ ഇപ്പോഴും കുഞ്ഞപ്പെൻറ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. ഓണക്കാലത്തിെൻറ മറക്കാനാനാവാത്ത അനുഭൂതികളും ജന്മദിന ആഘോഷ വേളയില്‍ ഓര്ത്തെടുക്കുകയാണിദ്ദേഹം. ബാല്യത്തിലെ ഇഷ്ട വിനോദമായിരുന്ന കാൽപന്ത് കളിയുടെ എട്ടര പതിറ്റാണ്ട് കാലത്തെ ആദ്യകാല ഓർമകളാണ് കുഞ്ഞപ്പൻ പങ്കുവെച്ചത്.
ചാലിശ്ശേരി അങ്ങാടിയിലെ കൊള്ളന്നൂർ മൈതാനത്താണ് നിരവധി സൃഹുത്തുക്കളുമായി ചേർന്ന് പന്ത് കളിച്ചിരുന്നത്. കളികൂട്ടുകാരനായ അരിമ്പൂർ പൗലോസ് ആസാമിൽ റെയിൽവേയിൽ ജോലി ലഭിച്ച ആദ്യ ശമ്പള തുകയിൽ നിന്നാണ് കുഞ്ഞപ്പന് സമ്മാനമായി ബൂട്ട് നൽകിയത്.
ഗ്രാമങ്ങളിൽ നടക്കുന്ന ഫുട്ബാൾ ടൂർണമെൻറുകളൊന്നും അക്കാലത്തുണ്ടായിരുന്നില്ല. ദേശങ്ങൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങൾക്കായി പഴഞ്ഞി, കുമാരനെല്ലൂർ, പെരിങ്ങോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാൽനടയായാണ് കൂട്ടുകാരുമൊത്ത് പോയിരുന്നത്.
ജയിച്ച ടീമിന് ചെറിയൊരു സമ്മാനം മാത്രമാണ് കിട്ടുക. പറമ്പിലും പാടത്തുമെല്ലാം പണി ചെയ്ത ശേഷം വീട്ടുകാരുടെ കടുത്തശിക്ഷയെ ഭയന്ന് അവരറിയാതെയായിരുന്നു ദൂരസ്ഥലങ്ങളിലേക്ക് കളിക്കാൻ പോയിരുന്നത്. സ്കൂൾ മൈതാനത്ത് വൈകീട്ട് പുതിയ തലമുറയിലെ യുവാക്കളുടെ കളിയിൽ ഫുട്ബാളിലെ നല്ലപാഠങ്ങൾ പഠിപ്പിക്കാനും സമയം കണ്ടെത്തിയിരുന്നു. മക്കളായ ഡേവി, എഡ്വി, ഫേൻവി, അനുജെൻറ മകൻ സ്റ്റീഫൻ, പേരക്കുട്ടികളായ അഭിനു, അഷവിൻ എന്ന വാവ, സിഡിൽ, ഹെൻറസ്, സെഡ്രിക്ക് എന്നിവർ ഗ്രാമത്തിലെ അറിയപ്പെടുന്ന താരങ്ങളാണ്. ഇവരോടൊപ്പം പന്ത് കളിച്ചിരുന്നതും ഇദ്ദേഹത്തിന് സന്തോഷം പകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.