ഉൾക്കാഴ്ചയിൽ വിദ്യാർഥികളുടെ ഉള്ളറിഞ്ഞ് ചന്ദ്രമോഹൻ
text_fieldsപാലക്കാട്: കാഴ്ചയുടെയും കാഴ്ചയില്ലായ്മയുടെയും ലോകത്തിലൂടെ ജീവിതം നയിച്ചയാളാണ് കോങ്ങാട് എഴക്കാട് വലിയോട്ടിൽ വി.എൻ. ചന്ദ്രമോഹൻ (55). പത്താം ക്ലാസുവരെ കാഴ്ചയുടെ വർണങ്ങൾ സുപരിചിതമായിരുന്ന ചന്ദ്രമോഹന് ഞരമ്പുകളുടെ ബലക്കുറവുമൂലമാണ് കാഴ്ച അന്യമായത്. ആദ്യമെല്ലാം മാനസികമായി പ്രയാസം നേരിട്ടിരുന്ന ചന്ദ്രമോഹൻ ഇച്ഛാശക്തിയും ആത്മവിശ്വാസവും കൊണ്ടാണ് ജീവിതത്തെ നേരിട്ടത്. പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപകനായ ചന്ദ്രമോഹൻ കാഴ്ചക്കപ്പുറം വിദ്യാർഥികളുടെ ഉള്ളറിഞ്ഞാണ് പഠിപ്പിക്കുന്നത്. കാഴ്ചയില്ലായ്മ എന്ന പരിമിതിയെ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് മറികടക്കുന്നത്. വായനക്കും മറ്റുമായി സ്ക്രീൻ റീഡർ എന്ന സോഫ്റ്റ്വെയർ ഉപയോഗിക്കും. ക്ലാസുകളെടുക്കാനും ഇത് സഹായിക്കും. അധ്യാപനത്തിന് അനുഭവം തന്നെയാണ് മുന്നിലെന്നും പഠിപ്പിക്കുന്നതിന് ബ്രെയിലി പുസ്തകങ്ങളും ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. വിദ്യാർഥികളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.
കാഴ്ച നഷ്ടപ്പെട്ട ആദ്യനാളുകളിൽ കേരള ഫെഡറേഷൻ ഓഫ് ൈബ്ലൻഡിനു കീഴിൽ മൊബിലിറ്റി ആൻഡ് ഓറിയന്റേഷൻ എന്ന പരിശീലനത്തിൽ പങ്കെടുത്ത ചന്ദ്രമോഹൻ അവിടെനിന്നും ബ്രെയിലി ലിപി സ്വായത്തമാക്കി. അത് ആത്മവിശ്വാസം വർധിപ്പിച്ചെന്ന് അദ്ദേഹം പറയുന്നു.
പാലക്കാട് ഗവ. വിക്ടോറിയ കോളജിൽനിന്ന് മലയാളത്തിൽ ബിരുദം നേടി. പട്ടാമ്പി കോളജിലായിരുന്നു ബിരുദാനന്തര ബിരുദം. ശേഷം കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് ബി.എഡും പൂർത്തിയാക്കി. ഹൈസ്കൂൾ അധ്യാപകനായി 2001ൽ പാലക്കാട് പി.എം.ജി സ്കൂളിലാണ് സർവിസിൽ കയറുന്നത്.
2011 വരെ പി.എം.ജിയിൽ ജോലി ചെയ്തു. ശേഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് വർഷം എലപ്പുള്ളി സ്കൂളിലായിരുന്നു.
2013ൽ വീണ്ടും പി.എം.ജിയിലേക്ക് മടക്കം. 2021ൽ കാരാകുർശിയിലേക്ക് മാറ്റം കിട്ടി. 2022ലാണ് മോയൻ സ്കൂളിൽ എത്തുന്നത്.
നിലവിൽ കേരള ഫെഡറേഷൻ ഓഫ് ദി ൈബ്ലൻഡിന്റെ ജില്ല പ്രസിഡന്റാണ്. ലോക കാഴ്ചദിനവുമായി ബന്ധപ്പെട്ട് ഫെഡറേഷൻ നേതൃത്വത്തിൽ വ്യാഴാഴ്ച ജില്ലയിലെ വിവിധ സ്കൂളുകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. 2025 ജൂണിൽ സർവിസിൽനിന്ന് വിരമിക്കുന്ന ചന്ദ്രമോഹൻ വിശ്രമജീവിതം സംഘടനാപ്രവർത്തനങ്ങളുമായി മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. മീനാക്ഷിയാണ് ഭാര്യ. മക്കൾ: അഭിരാം, മഞ്ജിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.