ചന്ദ്രനും കുടുംബത്തിനും മാനം കറുത്താൽ മനം ഇരുളും
text_fieldsകാഞ്ഞിരപ്പുഴ: മാനം കറുത്താൽ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ചെട്ടിപ്പള്ളിയാലിൽ ചന്ദ്രൻ എന്ന കണ്ണനും കുടുംബത്തിനും മനസ്സിൽ ഭീതിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടും. കാരണം ഇവർ താമസിക്കുന്നത് തകർന്ന വീട്ടിലാണ്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് മൺകട്ടകൊണ്ട് ഉണ്ടാക്കിയ കൊച്ചുവീടിന്‍റെ ചുമരിടിഞ്ഞത്. വീടിന്‍റെ മുക്കാൽ ഭാഗവും തകർന്നു. ചന്ദ്രനും ഭാര്യ സുനിതയും മക്കളായ നന്ദന, നന്ദിത, നവീൻ എന്നിവരുമടങ്ങിയ അഞ്ച് അംഗ കുടുംബം അന്തിയുറങ്ങിയിരുന്നത് ഈ കൊച്ചുവീട്ടിലായിരുന്നു. മഴയിൽ വീട് തകർന്നതോടെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു മറച്ച കുടിലിലായി ഇവരുടെ താമസം. തൊട്ടടുത്ത് തറവാട് വീട്ടിൽ അമ്മയടക്കം മറ്റൊരു കുടുംബം താമസിക്കുന്നതിനാൽ അവിടെയും താമസിക്കാൻ നിലവിൽ സൗകര്യമില്ല. ലൈഫ് ഭവനപദ്ധതി പ്രകാരം പുതിയ വീടിനായി അപേക്ഷ സമർപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. തുടർനടപടികൾ എങ്ങുമെത്തിയില്ല.
കാറ്റ് വീശിയാലും മഴ പെയ്താലും ഏത് നിമിഷവും വീഴാറായ കുടിലിലെ ജീവിതംതന്നെ ആശങ്കയുടെ കരിനിഴലിലാണ്. സർക്കാർ സംവിധാനങ്ങൾ കനിഞ്ഞാൽ അടച്ചുറപ്പുള്ള വീട് കിട്ടുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. തകർന്ന വീട് റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.