നാലര പതിറ്റാണ്ടിന്റെ കൈപ്പുണ്യം; രുചിയാത്ര തുടർന്ന് ഗോപാലകൃഷ്ണൻ
text_fieldsപാലക്കാട്: പാചകരംഗത്ത് നാലര പതിറ്റാണ്ടിന്റെ കൈപ്പുണ്യവുമായി രുചിയാത്ര തുടരുകയാണ് ഗോപാലകൃഷ്ണൻ. കയ്പേറിയ ബാല്യകാലത്തോട് പടവെട്ടി പാചകരംഗത്ത് തന്റേതായ വഴി വെട്ടിത്തുറന്നയാളാണ് ഗോപാലകൃഷ്ണൻ. കല്ലടിക്കോട് കുന്നത്ത് രാമൻ നായരുടെയും ചിന്നുക്കുട്ടി അമ്മയുടെയും ആറ് ആൺമക്കളിൽ രണ്ടാമനായ ഗോപാലകൃഷ്ണൻ ഏകദേശം അരനൂറ്റാണ്ടുമുമ്പ് നാടുവിട്ട് കോയമ്പത്തൂർ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളെല്ലാം ജോലിചെയ്തു. കോയമ്പത്തൂരിൽ എയർഫോഴ്സ് കാന്റീനിലും ജോലി നോക്കിയിട്ടുണ്ട്. ചുരുങ്ങിയ സമയം വിദേശത്ത് എത്തിയെങ്കിലും അധികം വൈകാതെ തിരിച്ചുപോരേണ്ടിവന്നു. മുംബൈ, ബംഗളൂരു എന്നിടങ്ങളിലെ പ്രധാന ഹോട്ടലുകളിൽ ജോലി ചെയ്തത് ഉത്തരേന്ത്യൻ വിഭവങ്ങൾ ഒരുക്കാൻ കൂടുതൽ പ്രാപ്തനാക്കി. അതിൽ പുതുപരീക്ഷണങ്ങൾ നടത്തി വിജയിക്കുകയും ചെയ്തു. വിദ്യാഭ്യാസ യോഗ്യതയുടെ കുറവ് പലപ്പോഴും തന്റെ വളർച്ചക്ക് തടസ്സമായതായി ഗോപാലകൃഷ്ണൻ പറയുന്നു. ഇന്ന് പാചകരംഗത്തെ ഉന്നമനത്തിനായി പല യൂനിവേഴ്സിറ്റികളും പുതു കോഴ്സുകളുമായി കടന്നുവരുമ്പോൾ അതൊന്നുമില്ലാതിരുന്ന കാലത്താണ് ഗോപാലകൃഷ്ണൻ ഈ മേഖലയിൽ പുതുവഴി രചിച്ചത്. കാറ്ററിങ് മേഖല സജീവമായി തുടങ്ങുന്ന കാലത്താണ് ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തുന്നത്.
1998ൽ ‘നിള’ കാറ്ററിങ്ങിൽ ചേർന്നതോടെയാണ് വളർച്ചയുടെ പുതുഅധ്യായങ്ങൾ തുറന്നത്. കേരള വിഭവങ്ങളിൽനിന്ന് വിഭിന്നമായി ഉത്തരേന്ത്യൻ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുകയും വിവാഹ പാർട്ടികളിൽ അതിന് കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്തത് ഗോപാലകൃഷ്ണന്റെ വളർച്ചയുടെ മറ്റൊരു നാഴികക്കല്ലായി. നിളയുടെ എക്സിക്യൂട്ടിവ് ഷെഫ് ആയ ഗോപാലകൃഷ്ണൻ അവരുടെ നെടുംതൂണുമായി. വിഭവങ്ങളിൽ എന്നും വ്യത്യസ്തത കാത്തുസൂക്ഷിച്ച ഗോപാലകൃഷ്ണൻ പല ഉന്നതരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി വിഭവങ്ങൾ തയാറാക്കി നൽകുകയും ചെയ്തു. ലുലു ഗ്രൂപ് ചെയർമാൻ യൂസഫലിയെപോലുള്ളവരുടെ സ്നേഹത്തിന് ഭാഗമാവാൻ കഴിഞ്ഞതും ഗോപാലകൃഷ്ണൻ ഭാഗ്യമായി കരുതുന്നു. യൂസഫലിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പെൺമക്കളുടെ വിവാഹഭക്ഷണം തയാറാക്കുന്നതിൽ പ്രധാനിയായിരുന്നു ഗോപാലകൃഷ്ണൻ. പാചകരംഗത്ത് എന്നും കണിശക്കാരനായിരുന്നു ഗോപാലകൃഷ്ണൻ. ആ കണിശത കൂടെയുള്ളവരോടും കാണിച്ചിരുന്നു. എന്നാൽ, അവരെ കൂടെ നിർത്തി അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുന്നയാളുമാണ്. ശാരീരിക അവശതകൾ ഉള്ളതിനാൽ പ്രധാന ജോലികൾ ഉണ്ടാകുമ്പോഴേ ഇപ്പോൾ നിളയിൽ പോകാറുള്ളൂ. ഭാര്യയും അധ്യാപികയായ മകളും ബ്രിട്ടനിൽ ഷെഫ് ആയ മകനും പേരക്കുട്ടികളുമടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.