പുലി ഭീതിയിൽ ചെക്കിനിപ്പാടം: രണ്ട് പട്ടികളെ കടിച്ചു
text_fieldsഅകത്തേത്തറ: ഗ്രാമപഞ്ചായത്തിലെ വനാതിർത്തി പ്രദേശമായ ചെക്കിനിപ്പാടത്ത് വീണ്ടും പുലിഭീതി. രണ്ട് വീട്ടുകാരുടെ ഒന്നുവീതം വളർത്ത് പട്ടികളെ പുലി പിടിച്ച് കൊണ്ടുപോയി. ചെക്കിനിപ്പാടം മേൽഭാഗത്ത് ഓമനയുടെ പട്ടിയെയും പിടിച്ച് കൊണ്ടുപോയി. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പട്ടിയുടെ കരച്ചിൽകേട്ട് വീടിന്റെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വിവരമറിയുന്നത്. മൂന്നാമത്തെ പ്രാവശ്യമാണ് ഓമനയുടെ പട്ടിയെ പുലി പിടിച്ച് കൊണ്ട് പോകുന്നത്. വാർഡ് അംഗം സുരേഷ് കുമാർ വനപാലകരെ വിവരമറിയിച്ചു. വനപാലകരും ദ്രുത പ്രതികരണ സംഘവും സ്ഥലം പരിശോധിച്ചു. പുലിയുടെതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടെത്തി. പുലി സാന്നിധ്യം ഉറപ്പാക്കാൻ സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിക്കും. തുടർന്നാണ് പുലിക്കൂട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുക.
രണ്ട് വർഷക്കാലമായി അകത്തേത്തറ പഞ്ചായത്തിലെ ധോണി, എൻജിനീയറിങ് കോളജ്, വടക്കേത്തറ, തെക്കേത്തറ വാർഡ് പ്രദേശങ്ങൾ പുലി ഭീതിയിലാണ്.
ഒരു മാസം മുമ്പ് ചൂലിപ്പാടം ശാന്തയുടെ ആടിനെ പുലി കടിച്ച് കഴുത്തിന് മുറിവേൽപ്പിച്ചിരുന്നു. പിന്നീട് പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചെങ്കിലും പുലി വന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നില്ല. തുടർന്ന് കെണി ഒരുക്കിയെങ്കിലും കൂട്ടിൽ കയറിയിരുന്നില്ല.
അതേസമയം, മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ കയറംകോടിന് സമീപം കയറൻകാവ് ഭാഗത്ത് പത്രവിതരണക്കാരൻ പുലിയെ കണ്ടതായ വിവരം അറിഞ്ഞെത്തിയ വനപാലകരും ദ്രുത പ്രതികരണ സംഘവും സ്ഥലം പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.