ചെമ്മണാമ്പതി-പറമ്പിക്കുളം വനപാത കലക്ടർ 12ന് സന്ദർശിക്കും
text_fieldsപറമ്പിക്കുളം: കേരളത്തിലൂടെ പറമ്പിക്കുളത്തേക്കുള്ള വഴി വിദഗ്ധ കമ്മിറ്റിയോടൊപ്പം കലക്ടർ 12ന് സന്ദർശിക്കും. ചെമ്മണാമ്പതി മുതൽ മുടിവായ് വരെ 3.800 കിലോമീറ്റർ വനപാത വെട്ടി, 69 വൃക്ഷങ്ങൾ വനംവകുപ്പ് മുറിച്ചു മാറ്റിയിരുന്നു. മുടിവായിൽനിന്നും തമിഴ്നാട് സേത്തുമായിൽ നിന്നും തേക്കടി റോഡുമായി ബന്ധിപ്പിക്കുവാൻ കരിമരുത് എസ്ബെന്റ് വരെ സഞ്ചാരയോഗ്യമായ വഴി നിർമിക്കാനുള്ള സാധ്യത പഠനത്തിനാണ് ടെക്നിക്കൽ കമ്മിറ്റിയോടൊപ്പം ജില്ല കലക്ടറും 12ന് പറമ്പിക്കുളത്ത് എത്തുന്നത്.
ചെമ്മണാമ്പതി-തേക്കടി വഴി കലക്ടർ നടന്ന് പരിശോധിക്കാൻ സാധ്യതയുണ്ട്. നിലവിൽ കരിമരുത് എസ് ബെന്റ് മുതൽ മുടിവായ് വരെ ജീപ്പ് കടന്നുപോകാൻ വനപാതയുണ്ട്.
ഇടക്കിടെയുള്ള വളവ്, മണ്ണൊലിപ്പ് ഉണ്ടാകുന്ന പ്രദേശങ്ങൾ എന്നിവ കണ്ടെത്തി ചെമ്മണാമ്പതി മുതൽ തേക്കടി പ്രധാന റോഡ് വരെയുള്ള വനപാതക്കുള്ള സാധ്യത പഠനമാണ് കലക്ടറുടെ നേതൃത്വത്തിൽ നടത്തുന്നത് എന്ന് പട്ടികവർഗ വകുപ്പ് അധികൃതർ പറഞ്ഞു.
വഴിവെട്ട് സമരം ഫലം കാണുന്ന ദിവസം കാത്ത് കാടിന്റെ മക്കൾ
പറമ്പിക്കുളം: വഴിവെട്ട് സമരം യാഥാർഥ്യമാകുന്ന ദിവസം കാത്ത് കാടിന്റെ മക്കൾ. കേരളത്തിനകത്തു കൂടി പറമ്പിക്കുളത്തേക്ക് വനപാത വേണമെന്ന 70 വർഷത്തെ ആവശ്യം യാഥാർഥ്യമാകുന്നതോടെ തമിഴ്നാടിന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ പറമ്പിക്കുളം വാസികൾക്ക് സ്വന്തം പഞ്ചായത്തിലേക്ക് കടക്കാനാകും. തമിഴ്നാട് വനം വകുപ്പിന്റെ അനുവാദത്തോടെയാണ് ആദിവാസികൾ ഉൾപ്പെടെ എല്ലാവരും 60 കിലോമീറ്ററിലധികം തമിഴ്നാട്ടിലൂടെ കറങ്ങി സ്വന്തം പഞ്ചായത്തിലെത്തുന്നത്.
2020 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ചെമ്മണാമ്പതിയിൽ നിന്ന് പറമ്പിക്കുളം തേക്കടിയിലേക്ക് വഴിവെട്ടൽ സമരം ഊരുമൂപ്പൻമാരുടെ സാന്നിധ്യത്തിൽ ആദിവാസികൾ ആരംഭിച്ചത്. പൊലീസ്, വനം ഉദ്യോഗസ്ഥരുടെ ഭീഷണിയും കേസെടുക്കലും വകവയ്ക്കാതെ 1300 മീറ്ററിലധികം ദൈർഘ്യത്തിൽ വഴിവെട്ടി. 700 കേസുകളാണ് ഈ കാലയളവിൽ ആദിവാസികൾക്കെതിരെ വനം വകുപ്പ് എടുത്തത്. എന്നാലും നിർത്താതെ വഴിവെട്ടലും സമരങ്ങളും തുടർന്നു. ജനപ്രതിനിധികൾ, കലക്ടർ എന്നിവർ ചർച്ച നടത്തി തൊഴിലുറപ്പ് പദ്ധതിയിലൂടെ വഴി വെട്ടാൻ ഒടുവിൽ ധാരണയായി. ആദിവാസികൾ 2180 മീറ്റർ വനപാത വെട്ടി. വനാവകാശ നിയമത്തിലൂടെ 3800 മീറ്റർ ദൂരം വനപാതക്കായി വനംവകുപ്പ് വിട്ടുനൽകി. യൂസർ ഏജൻസിയായ മുതലമട പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ തേക്കടി മുതൽ മുടിവായ് വരെ വനപാതവെട്ടിയ ശേഷം ഭൂമിയുടെ നിയന്ത്രണം വനം വകുപ്പ് ഏറ്റെടുത്തു. ചെമ്മണാമ്പതി അടിവാരത്തു നിന്നും കരിമരുത് എസ്ബെന്റ് വരെ 8.5 കിലോമീറ്റർ ദൂരപരിധിയിൽ വനപാതയിൽ വാഹനങ്ങൾ കടക്കുവാൻ സാധ്യമായാൽ തമിഴ്നാടിന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ കേരളത്തിലൂടെ തന്നെ മുതലമട പഞ്ചായത്ത്, വില്ലേജ്, ആശുപത്രി തുടങ്ങിയവയിൽ ആദിവാസികൾക്ക് എത്തിച്ചേരാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.