നെല്ലായയിൽ മരമില്ല് കത്തിനശിച്ചു
text_fieldsചെർപ്പുളശ്ശേരി: നെല്ലായയിൽ ചൊവ്വാഴ്ച പുലർച്ച മരമില്ലിലുണ്ടായ തീപിടിത്തത്തിൽ മില്ല് ഉപകരണങ്ങളും മരങ്ങളും കത്തിനശിച്ചു. നെല്ലായ സിറ്റിക്ക് സമീപമുള്ള മരമില്ലിലാണ് അഗ്നിബാധയുണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികളും യാത്രക്കാരും ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിശമന സേന വിഭാഗവും എത്തിയാണ് തീ ആറരയോടെ പൂർണമായും അണച്ചത്.
സമീപ സ്ഥലങ്ങളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മില്ലിന്റെ മുന്നിൽ കൂട്ടിയിട്ട മരങ്ങളിലാണ് തീ ആദ്യം പടർന്നത്. നഗര നവീകരണ പ്രവൃത്തികൾക്കായി ഒരുക്കിയ ടാങ്കർ ലോറികളിലെ വെള്ളമുപയോഗിച്ച് അണക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണ വിധേയമായില്ല.
പട്ടാമ്പി, ഷൊർണൂർ, കോങ്ങാട്, പെരിന്തൽമണ്ണ അഗ്നിശമന യൂനിറ്റുകളിൽ നിന്നുള്ളവരെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. മില്ലിലെ രണ്ട് മോട്ടോറുകളും സമീപത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ, മിനിലോറി എന്നിവയും കത്തിനശിച്ചു.
വല്ലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മില്ല് എട്ട് വർഷത്തോളമായി മഞ്ചക്കല്ല് സ്വദേശി താഹിറാണ് നടത്തുന്നത്. മോട്ടോറുകൾക്ക് മാത്രം 20 ലക്ഷത്തോളം നഷ്ടമുള്ളതായി ഉടമ പറഞ്ഞു. 25ലധികം ജോലിക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.