84 കണിക്കൊന്ന തൈകൾ നട്ട് യേശുദാസിന്റെ 84ാം പിറന്നാൾ ആഘോഷം
text_fieldsചെർപ്പുളശ്ശേരി: ഗായകൻ യേശുദാസിന്റെ 84ാം പിറന്നാൾ ഗന്ധർവ വനത്തിൽ 84 കണിക്കൊന്ന തൈകൾ നട്ട് ആഘോഷിച്ചു. പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതി 2020ൽ യേശുദാസിന്റെ 80ാം പിറന്നാൾ ദിനത്തിൽ 80 വൃക്ഷത്തൈകൾ നട്ട് തുടക്കം കുറിച്ചതാണ് ഗന്ധർവ വനം.
പെരിന്തൽമണ്ണ അരക്കുപറമ്പ് മാട്ടറയിൽ കറുത്തേടത്ത് സാവിത്രി, ശ്രീകുമാരൻ നമ്പൂതിരി സ്മാരക സ്മൃതി വനത്തിലാണ് ഗന്ധർവ വനം ഒരുക്കിയിട്ടുള്ളത്. മാതാപിതാക്കളുടെ ഓർമക്കായി മകൻ ദാമോദരൻ ഉണ്ണി നമ്പൂതിരിയാണ് (കുട്ടൻ മാഷ്) ഏകദേശം മൂന്ന് ഏക്കറിൽ ഒരു ഏക്കർ സ്ഥലത്ത് സ്മൃതി വനവും ഒരേക്കർ സ്ഥലത്ത് ഗന്ധർവ വനവും ഒരുക്കിയത്. അടക്കാപുത്തൂർ സംസ്കൃതിയുടെ നേതൃത്വത്തിൽ ഈ വർഷം നടപ്പാക്കുന്ന പൊൻകണി 2024 പദ്ധതിയുടെ ഭാഗമായി ഗാനരചയിതാവ് പി.സി. അരവിന്ദൻ കണിക്കൊന്ന തൈ നട്ട് ഉദ്ഘാടനം ചെയ്തു.
തുടർന്ന് അടക്കാപുത്തൂർ എ.യു.പി സ്കൂളിൽ 84 വിദ്യാർഥികൾക്ക് കണിക്കൊന്ന തൈകൾ വിതരണം ചെയ്തു. കറുത്തേടത്ത് ദാമോദരനുണ്ണി നമ്പൂതിരി, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ, യു.സി. വാസുദേവൻ, ജയദേവൻ കൂടതൊടി, സനിൽ കളരിക്കൽ, അരുൺ തൂത തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.