തൂതയിലെ ബാലവിവാഹം: ക്ഷേത്രജീവനക്കാരന് സസ്പെൻഷൻ, പെൺകുട്ടിയെ സി.ഡബ്ല്യൂ.സി കേന്ദ്രത്തിലേക്ക് മാറ്റി
text_fieldsചെർപ്പുളശ്ശേരി: പ്രായപൂർത്തിയാകാതെ തൂതയിൽ വിവാഹം നടത്തിയ മണ്ണാർക്കാട്ടെ 16കാരിയെ പാലക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിലേക്ക് (സി.ഡബ്ല്യൂ.സി) മാറ്റി. സി.ഡബ്ല്യൂ.സിയുടെ ആവശ്യപ്രകാരമാണ് മണ്ണാർക്കാട് പൊലീസ് പാലക്കാട് സി.ഡബ്ല്യൂ.സി ഓഫിസിൽ ഹാജരാക്കിയത്. കുട്ടിയുടെ മൂത്ത സഹോദരിക്കൊപ്പമാണ് ഹാജരായത്. അന്വേഷണങ്ങൾക്കും കൗൺസലിങ്ങിനും ശേഷം കുട്ടിയെ ഡി.ഡബ്ല്യൂ.സി സമിതി കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങളും മറ്റു പരിശീലന അവസരങ്ങളും ഒരുക്കുമെന്ന് ജില്ല ചെയർമാൻ എം.വി. മോഹനൻ അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളും വിവാഹം കഴിച്ച തൂത സ്വദേശിയും ഒളിവിലാണ്. ഇവർക്കെതിരെ ചെർപ്പുളശ്ശേരി പൊലീസ് ബാലവിവാഹ നിരോധന നിയമം ചുമത്തി ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ക്ഷേത്രജീവനക്കാരന് സസ്പെൻഷൻ
ചെർപ്പുളശ്ശേരി: തൂത ക്ഷേത്രത്തിൽ നടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ക്ലർക്ക് രാമകൃഷ്ണനെ സസ്പെൻഡ് ചെയ്തു. വധൂ വരൻമാരുടെ പ്രായം തെളിയിക്കുന്ന രേഖകൾ ക്ഷേത്രഫയലുകളിൽ വാങ്ങി വെക്കാതെ ജോലിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി.
വീഴ്ച പരിശോധിക്കും-എം.ആർ. മുരളി
ചെർപ്പുളശ്ശേരി: തൂത ക്ഷേത്രത്തിൽ നടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹ കർമത്തിൽ ക്ഷേത്രം ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകൾ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ. മുരളി അറിയിച്ചു. ക്ഷേത്രത്തിൽ നടത്തുന്ന വിവാഹകർമങ്ങൾക്ക് വ്യക്തമായ നിർദേശങ്ങളുണ്ടന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.