പ്രൗഢഗംഭീരം അക്ഷരവീട് സമർപ്പണം
text_fieldsചിറ്റൂർ: ചാന്ദ്നിക്കുള്ള അക്ഷരവീട് സമർപ്പണം കായികതാരങ്ങളുടെയും പരിശീലകരുടെയും സംഗമമായി മാറി. ചാന്ദ്നിക്ക് ആദരമർപ്പിക്കാനും ആശംസകൾ നേരാനും നാട്ടുകാർ പൊൽപ്പുള്ളി വേർകോലിയിലെ അക്ഷരവീട് അങ്കണത്തിലേക്ക് ഒഴുകിയെത്തി. ചാന്ദ്നിയുടെ കായിക പരിശീലകരായ ലാലി ഷാജു, കെ. രാമചന്ദ്രൻ, മാത്തൂർ സി.എഫ്.ഡി സ്കൂളിലെ കോച്ച് സുരേന്ദ്രൻ, പൊൽപ്പുള്ളി യുവ അത്ലറ്റിക് ക്ലബ് പരിശീലകൻ ആർ. ബാബു, രാജ്യാന്തര താരം സി. ബബിത, ദേശീയ താരം പൗർണമി, ജെ. അശ്വൻ, വരുൺ ബാബു തുടങ്ങിയവരുടെ സാന്നിധ്യം സമർപ്പണ ചടങ്ങിന് മാറ്റു പകർന്നു.
ചാന്ദ്നി കൈവരിച്ച നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് ലാലി ഷാജു പറഞ്ഞു. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള കഴിവ് അവൾക്കുണ്ട്. അക്ഷരവീടിലൂടെ പൊതുസമൂഹം അവളിൽ അർപ്പിച്ച വിശ്വാസം അവളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതായി ലാലി ഷാജു പറഞ്ഞു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് ചുരുങ്ങിയ വർഷങ്ങൾക്കകം ചാന്ദ്നി നേടിയെടുത്തത് എന്ന് കോച്ച് കെ. രാമചന്ദ്രൻ പറഞ്ഞു. ചാന്ദ്നിക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ട്രാക്കിൽ കുതിപ്പുകൾ നടത്താനുള്ള സാഹചര്യമാണ് കൈവരുന്നത്. പദ്ധതിയുടെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നേരുന്നതായും രാമചന്ദ്രൻ പറഞ്ഞു. ദേശീയ കായികതാരം ചാന്ദ്നി പൊൽപ്പുള്ളി പഞ്ചായത്തിൽ സ്ഥിര താമസമാക്കുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ബാലഗംഗാധരൻ പറഞ്ഞു. നാടിെൻറ എല്ലാ പിന്തുണയും ചാന്ദ്നിക്കും കുടുംബത്തിനും ഉണ്ടാകും. ജല ജീവൻ പദ്ധതിയിൽ അക്ഷരവീടിലേക്ക് ഉടൻ കുടിവെള്ള കണക്ഷൻ നൽകുമെന്നും പ്രസിഡൻറ് വാഗ്ദാനം ചെയ്തു. ചാന്ദ്നിയുടെ സാന്നിധ്യം വേർകോലി വാർഡിലെ ജനങ്ങൾ അഭിമാനമായാണ് കാണുന്നതെന്ന് വാർഡ് മെംബർ എ. ബീന പറഞ്ഞു. ചാന്ദ്നിക്ക് നാടിെൻറ എല്ലാ സഹായവും മെംബർ വാഗ്ദാനം ചെയ്തു.
പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തിയ ലാലി ടീച്ചറോടും കോച്ച് രാമചന്ദ്രനോടുമുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണെന്ന് മറുപടി പ്രസംഗത്തിൽ ചാന്ദ്നി പറഞ്ഞു. 'കായികാധ്യാപിക എന്നതിലുപരി രക്ഷിതാവാണ് ലാലി ടീച്ചർ. ഇൗ അവസരത്തിൽ വിദേശത്തുള്ള അച്ഛനെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു, കല്ലടി സ്കൂളിലെ മാനേജർ കെ.സി.കെ. സെയ്താലി എനിക്ക് നൽകിയ സഹായവും പിന്തുണയും വലുതാണ്, നാട്ടുകാരുെട സ്നേഹവും സഹതാരങ്ങളുടെ പിന്തുണയും മറക്കാൻ കഴിയില്ല' -ചാന്ദ്നി പറഞ്ഞു. കല്ലടി സ്കൂളിലൂടെ വളർന്നുവന്ന രാജ്യാന്തര താരം സി. ബബിതയും ദീർഘദൂര ഒാട്ടത്തിൽ ദേശീയ മെഡൽ നേടിയ പൗർണമിയും ചാന്ദ്നിക്ക് ആശംസകൾ നേർന്നു. പഠനത്തിലും കായികരംഗത്തും ചാന്ദ്നി ഒരുപോലെ ഒന്നാമതാകണമെന്ന് ജല വിഭവ മന്ത്രിയും നാട്ടുകാരനുമായ കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ചാന്ദ്നിയിലൂടെ ചിറ്റൂരിെൻറ പേര് ലോകമാകെ അറിയപ്പെടെട്ടയെന്നും മന്ത്രി ആശംസിച്ചു. വേർകോലി നടുക്കാടും പരിസരത്തുമുള്ള നാട്ടുകാരും കുടുംബങ്ങളും കുട്ടികളുമടക്കം വലിയൊരു സദസ്സ് അക്ഷര വീട് സമർപ്പണ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.