ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം: എൽ.ഡി.എഫിൽ അതൃപ്തി
text_fieldsചിറ്റൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി എൽ.ഡി.എഫിൽ അതൃപ്തി പുകയുന്നു. സി.പി.എം- ജനതാദൾ ബന്ധമാണ് ഉലയുന്നത്. ചിറ്റൂർ ബ്ലോക്കിൽ മുന്നണി ധാരണ പ്രകാരം പ്രസിഡൻറ് സ്ഥാനം ഇരുപാർട്ടികൾക്കും രണ്ടര വർഷം വീതമാണ്. അതുപ്രകാരം ആദ്യ ടേം ജനതാദൾ അംഗം പ്രസിഡൻറായി.
ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. മുരുകദാസാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്. മുന്നണിയിലെ ധാരണ പ്രകാരം ഇനി മൂന്ന് മാസത്തോടെ ജനതാദളിന്റെ കാലാവധി അവസാനിയ്ക്കും. ആകെ 14 സീറ്റുള്ള ബ്ലോക്ക് പഞ്ചായത്തിൽ ജനതാദൾ -6, സി.പി.എം -5, കോൺഗ്രസ്-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ധാരണ പ്രകാരമുള്ള കാലാവധി കഴിയാനിരിക്കെയാണ് ആസൂത്രിതമെന്നോണമുള്ള അസ്വാരസ്യങ്ങൾ മുന്നണിക്കുള്ളിൽ ഉടലെടുക്കുന്നത്. ഇരുവിഭാഗം പ്രവർത്തകർ തമ്മിലുള്ള പ്രാദേശിക പ്രശ്നങ്ങൾ നേതൃത്വം ഏറ്റെടുത്താൽ ജില്ലയിലെ എൽ.ഡി.എഫിന് തന്നെ ക്ഷീണമാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയും സി.പി.എം ജില്ല സെക്രട്ടറിയും പെരുമാട്ടി പഞ്ചായത്തുകാരായതും ചെറിയ സംഘർഷങ്ങൾ പോലും അഭിമാന പ്രശ്നമായാണ് ഇരുവിഭാഗവും കാണുന്നത്. കഴിഞ്ഞ ദിവസം പെരുമാട്ടി, നന്ദിയോട് ഭാഗങ്ങളിൽ സി.പി.എം- ജനതാദൾ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഒരുക്കിയിരുന്ന കൊടികളും ചുമരെഴുത്തും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം വിവിധയിടങ്ങളിലേയ്ക്ക് വ്യാപിച്ചതോടെ പുതുനഗരം, കൊല്ലങ്കോട്, മീനാക്ഷിപുരം, ചിറ്റൂർ സ്റ്റേഷനുകളിൽ നിന്നായി വൻ പൊലീസ് സന്നാഹമാണ് പെരുമാട്ടിയിൽ ക്യാമ്പ് ചെയ്യുന്നത്. ജനതാദൾ അതിക്രമത്തിൽ പ്രതിഷേധിച്ച് വണ്ടിത്താവളത്ത് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ യോഗം നടത്തിയിരുന്നു.
തങ്ങളുടെ ഔദാര്യം പറ്റിയാണ് ജനതാദൾ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നതെന്ന് യോഗത്തിൽ സുരേഷ് ബാബു തുറന്നടിച്ചിരുന്നു. എന്നാൽ, കരുതലോടെയാണ് ജനതാദൾ വിഷയത്തിൽ പ്രതികരിച്ചത്. ഇതാദ്യമായല്ല ജനതാദൾ ബ്ലോക്ക് പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് മുന്നണി ബന്ധം വിച്ഛേദിക്കുന്നത്. 2011ൽ യു.ഡി.എഫിൽനിന്ന് മുന്നണി ബന്ധം വിച്ഛേദിച്ചാണ് ജനതാദൾ എൽ.ഡി.എഫ് മുന്നണിയിലെത്തിയത്. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന ജനതാദൾ വിപ്പ് ലംഘിച്ചാണ് എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. അതേരീതിയിൽ സ്ഥാനം നിലനിർത്താൻ ജനതാദൾ മുന്നണി ധാരണ ലംഘിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.