കൃഷിയിടം നികത്തി ചെങ്കൽച്ചൂള; നടപടിയെടുക്കാതെ അധികൃതർ
text_fieldsചിറ്റൂർ: ജലക്ഷാമം നേരിടുന്ന ചിറ്റൂരിൽ പുഴയിൽനിന്ന് വെള്ളമെടുത്ത് ഇഷ്ടിക നിർമാണം. മാത്രമല്ല കൃഷിയിടത്തിൽനിന്ന് മണ്ണെടുത്താണ് ഇഷ്ടിക നിർമാണം നടക്കുന്നത്. ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ കോലാക്കളത്തിന് സമീപമുള്ള ക്രിസ്ത്യൻ സെമിത്തേരിക്ക് പിറകിലായാണ് കൃഷിയിടം നികത്തി ചെങ്കൽച്ചൂള പ്രവർത്തിക്കുന്നത്. ഏക്കറുകണക്കിന് കൃഷിസ്ഥലത്ത് വൻ ഗർത്തങ്ങളാക്കി മണ്ണെടുക്കുകയും വലിയ തോതിൽ ജലചൂഷണം നടത്തുകയും ചെയ്താണ് ചെങ്കൽച്ചൂള പ്രവർത്തിക്കുന്നത്. വർഷങ്ങളായി പ്രവർത്തിക്കുന്ന ചെങ്കൽച്ചൂളക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. കടുത്ത ജലക്ഷാമം നേരിടുന്ന ചിറ്റൂരിൽ ജലചൂഷണത്തിനെതിരെ ജലവിഭവ വകുപ്പോ നഗരസഭയോ ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല. വലിയ മോട്ടോറുകൾ ഉപയോഗിച്ച് രാത്രി സമീപത്തു തന്നെയുള്ള ചിറ്റൂർ പുഴയിൽനിന്നും വലിയ അളവിലാണ് ജലചൂഷണം നടത്തുന്നത്. പുഴയിൽനിന്നുള്ള ജലചൂഷണത്തിൽ നടപടിയെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് ഇറിഗേഷൻ എക്സി. എൻജിനീയർ പറഞ്ഞു. വിഷയം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും നഗരസഭ സെക്രട്ടറി പ്രതികരിച്ചു.
പുഴയോരത്തെ അനധികൃത ഇഷ്ടികക്കളത്തിന് പൂട്ട്
ചിറ്റൂർ: അനധികൃത ചെങ്കൽച്ചൂളയ്ക്ക് പൂട്ട്. പെരുവെമ്പ് പഞ്ചായത്തിലെ വടകരപ്പള്ളിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ചെങ്കൽച്ചൂളക്കാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. കഴിഞ്ഞ ദിവസത്തെ മാധ്യമം വാർത്തയെത്തുടർന്നാണ് നടപടി. പാലക്കാട് തഹസിൽദാർ രാധാകൃഷ്ണന്റെ നിർദേശ പ്രകാരം പെരുവെമ്പ് വില്ലേജ് ഓഫിസർ സുനീഷ് സ്ഥലത്ത് പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകുകയുമായിരുന്നു. പുഴയോരത്തോട് ചേർന്ന് കൃഷിയിടത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽച്ചൂളയെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. ചിറ്റൂർപ്പുഴയിൽനിന്ന് ജലമെടുത്താണ് ഇഷ്ടിക നിർമാണം നടത്തിയിരുന്നത്. നിലവിലെ സ്ഥിതിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് തഹസിൽദാർക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും നൽകുമെന്നും വില്ലേജ് ഓഫിസർ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.