തലക്ക് വെടിയേറ്റ് മരിച്ച കേസ്: ദുരൂഹതയില്ലെന്ന് പൊലീസ്
text_fieldsചിറ്റൂർ: കന്നിമാരിയിൽ വനിത സ്ഥാനാർഥിയുടെ മകനെ തലക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. കുറ്റിക്കൽചള്ള രാജെൻറയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്തിനെയാണ് (31) തിങ്കളാഴ്ച രാത്രി വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി. ചൊവ്വാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.
വെടിവെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന പോയൻറ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ചിട്ടുണ്ട്. കർഷകൻകൂടിയായ പിതാവിെൻറ ഉടമസ്ഥതയിലുള്ളതാണ് തോക്കെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കല്യാണിക്കുട്ടിയും രാജനും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതായിരുന്നു. വീട്ടിൽ അജിത്ത് തനിച്ചായിരുന്നു.
പ്രചാരണത്തിന് ശേഷം കല്യാണിക്കുട്ടി വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. തലയിൽനിന്ന് രക്തം വാർന്നിരുന്നു. ചിറ്റില്ലഞ്ചേരിയിൽ സ്വകാര്യ ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൃഷിനാശം വരുത്തുന്ന വന്യജീവികളെ തുരത്താൻ ഏറെക്കാലമായി രാജൻ തോക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതിെൻറ ലൈസൻസ് പുതുക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കോവിഡ് പരിശോധന ഫലം വന്ന ശേഷം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.