കേന്ദ്ര സർക്കാർ കശ്മീരിന്‍റെ കണ്ണുനീർ വിൽപനച്ചരക്കാക്കുന്നു-യൂസഫ് തരിഗാമി
text_fieldsചിറ്റൂർ: കശ്മീരിന്‍റെ കണ്ണുനീർ വിൽപനച്ചരക്കാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കശ്മീരിലെ സി.പി.എം നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ യൂസഫ് തരിഗാമി പറഞ്ഞു. 13ാത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സിഖും പാഴ്സിയും എല്ലാം ഒരുമിച്ച് പൊരുതി നേടിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. ആ ഒത്തൊരുമ തിരിച്ചു പിടിക്കുക എന്നതാണ് പുതിയ കാലത്തിന്റെ ആവശ്യം. കശ്മീരിനേയും കേരളത്തിനേയും വേർതിരിക്കുകയും കശ്മീരിനെ അപരിചിതമായ ഒരു പ്രദേശമായി ചിത്രീകരിക്കുകയും ആണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കശ്മീരികളുടെ വേദന മനസ്സിലാക്കാനോ പങ്കുവെക്കാനോ കേന്ദ്ര സർക്കാർ തയ്യാറല്ല.
ചരിത്രത്തിൽനിന്ന് വിപ്ലവകാരികളെ ഇല്ലാതെയാക്കാനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട്. ചരിത്രത്തെ അപഗ്രഥിക്കാൻ യുവതലമുറ ശ്രമിക്കണം. മിനിമം സാമൂഹിക സുരക്ഷ പോലും നൽകാതെ നടത്താനിരിക്കുന്ന മിലിറ്ററിനിയമനങ്ങൾക്കെതിരെയാണ് രാജ്യത്ത് യുവാക്കൾ തെരുവിലിറങ്ങുന്നത്. മതത്തിന്‍റെ പേരിലും ജാതിയുടെ പേരിലും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ കാണാതെ പോവരുതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ദിവസങ്ങളായി നടക്കുന്ന ചലച്ചിത്രമേളയിൽ വിവിധ വിഭാഗങ്ങളായി നൂറിലേറെ പ്രദർശനങ്ങളാണ് നടക്കുന്നത്. ടി.ജി. നിരഞ്ജൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ തമിഴ്, എഴുത്തുകാരൻ വൈശാഖൻ, നഗരസഭ ചെയർപേഴ്സൻ കെ.എൽ. കവിത, വൈസ് ചെയർമാൻ ശിവകുമാർ, സി. രൂപേഷ്, ടി.എസ്. മധുസൂദനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.