കോവിഡ് ബാധിതന്‍റെ മൃതദേഹം മാറി നൽകി; അബദ്ധം തിരിച്ചറിഞ്ഞത് സംസ്കരിച്ച ശേഷം
text_fieldsചിറ്റൂർ: കരുണ മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി. മങ്കര പൂളോടി പൊന്നയത്ത് വീട്ടിൽ വേലായുധന്‍റെ മകൻ രവി (59)യുടെ മൃതദേഹമാണ് ഇതേ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച ആലത്തൂർ കണ്ണമ്പ്ര പന്നിയാങ്കര ചാമിയാറിന്‍റെ മകൻ ശിവനാന്ദന്‍റെ (77) കുടുംബാംഗങ്ങൾക്ക് മാറി നൽകിയത്.
ശിവനാന്ദന്‍റെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങിയ മൃതദേഹം തിരുവില്ല്വാമല ഐവർമഠത്തിൽ സംസ്കരിക്കുകയും ചെയ്തു. രവിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. സംഭവത്തിൽ രവിയുടെ ബന്ധുക്കൾ മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മൃതദേഹം മാറി നൽകിയ സംഭവം ജീവനക്കാർക്ക് പറ്റിയ വീഴ്ചയാണെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. രവിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയുടെ അനാസ്ഥക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി കെ.സി സേതു അറിയിച്ചു. രവി ചികിൽസയിലിരുന്ന സമയത്തെ ആശുപത്രി രേഖകൾ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോവിഡ് ബാധിതനായ രവിയെ അഞ്ചു ദിവസം മുമ്പാണ് കരുണ മെഡിക്കൽ കോളജിൽ ചികിൽസക്കായി എത്തിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച്ച പുലർച്ചെ ഇയാൾ മരിക്കുകയായിരുന്നു. ബന്ധുക്കളും അറ്റൻഡറും ചേർന്നാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി രവിയുടെ ബന്ധുകൾ രാവിലെ എട്ട് മണിക്ക് തന്നെ ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും ചികിത്സാ ചിലവിന്‍റെ പേരിൽ മൃതദേഹം വിട്ടു നൽകൽ വൈകിപ്പിക്കുകയായിരുന്നു.
ഇതിനിടെ 10.30ഓടെ ശിവാനന്ദന്‍റെ ബന്ധുക്കൾ മോർച്ചറിയിൽ നിന്ന് മൃതദേഹം എടുത്ത് തിരുവില്ല്വാമലയിൽ സംസ്കാരത്തിനായി കൊണ്ടുപോയി. ആശുപത്രി ബിൽ സംബന്ധമായ തർക്കങ്ങൾ തീർത്ത് രവിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ മോർച്ചറിയിൽ എത്തിയപ്പോഴാണ് ജീവനക്കാർ കാണിച്ച മൃതദേഹത്തിന് ആകൃതിയിലും, ഭാരത്തിലുമുള്ള വ്യത്യാസം ശ്രദ്ധയിൽപെട്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. ഉടൻ തന്നെ ആദ്യം മൃതദേഹവുമായി പോയ ശിവനാന്ദന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും അതിനകം തന്നെ അവർ ദഹിപ്പിച്ചിരുന്നു.
മൃതദേഹം ലഭിക്കാതെ ആശുപത്രി വിടില്ലെന്ന നിലപാട് സ്വീകരിച്ച രവിയുടെ ബന്ധുക്കളെ പൊലീസ് എത്തി സമാശ്വസിപ്പിച്ചയക്കുകയായിരുന്നു. ആശുപത്രിക്കെതിരെ നടപടിയെടുക്കാമെന്ന പൊലീസിന്‍റെ ഉറപ്പിൻ മേലാണ് രവിയുടെ ബന്ധുക്കൾ പിരിഞ്ഞു പോയത്. ആദ്യം രവിയുടെ മൃതദേഹവുമായി പോയ ആളുകൾ പിന്നീട് നാലു മണിയോടെ തിരിച്ചെത്തി ശിവനാന്ദന്‍റെ മൃതദേഹവും ഏറ്റുവാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.