ഗ്രാമസഭയുടെ പേരിൽ ജനതാദൾ സമ്മേളനങ്ങൾക്ക് ആളെ കൂട്ടിയതായി ആക്ഷേപം, ഗ്രാമസഭകൾ വീണ്ടും നടത്തണെമന്ന് ആവശ്യം
text_fieldsചിറ്റൂർ: ഗ്രാമസഭയുടെ പേരിൽ ജനതാദൾ വാർഡ് സമ്മേളനങ്ങൾക്ക് ആളുകളെ വിളിച്ചു ചേർത്തതിൽ പ്രതിഷേധം. പെരുമാട്ടി പഞ്ചായത്തിലെ ഗ്രാമസഭകളും വാർഡ് സമ്മേളനങ്ങളും ഒരേ ദിവസം അടുത്തടുത്ത സമയങ്ങളിൽ വെക്കുകയും ഗ്രാമസഭയിലേക്ക് വിവിധ ആവശ്യങ്ങളുമായെത്തുന്നവരെ നിർബന്ധിച്ച് പാർട്ടി വാർഡ് സമ്മേളനങ്ങളിൽ പങ്കെടുപ്പിക്കുന്നുവെന്നാണ് ആക്ഷേപമുയർന്നത്. ജനതാദൾ ഭരിക്കുന്ന പെരുമാട്ടി പഞ്ചായത്തിലാണ് ഗ്രാമസഭകളുടെ പേരിൽ പാർട്ടി സമ്മേളനങ്ങൾക്ക് ആളെ കൂട്ടുന്നതായി പരാതി ഉയർന്നത്.
ഇതുസംബന്ധിച്ച് ഘടക കക്ഷിയായ സി.പി.എമ്മും പ്രതിപക്ഷമായ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധിച്ചതോടെ ശനിയാഴ്ച നടത്താനിരുന്ന ഗ്രാമസഭ മാറ്റിവെച്ചു. വിളയോടി വവ്വാക്കോട്ട് നടത്താനിരുന്ന നമ്പൂരിച്ചള്ള നാലാം വാർഡ് ഗ്രാമസഭ യോഗമാണ് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ബഹളത്തെ തുടർന്ന് നിർത്തിവെച്ചത്. ഗ്രാമസഭ നടക്കുന്നതിനെക്കുറിച്ച് നാലാം വാർഡ് അംഗമായ സി.പി.എം പ്രതിനിധി ഷൈലജ വിവരം അറിയിച്ചെങ്കിലും അതിനു മുമ്പ് ഗ്രാമസഭക്ക് എത്തിയ ആളുകളെ കൂട്ടി ജനതാദൾ വാർഡ് സമ്മേളനം നടത്താനാണ് നീക്കം നടത്തിയത്.
ജനതാദളിന്റെ പ്രാദേശിക സമ്മേളനങ്ങൾ നടക്കുന്നതിനിടെയാണ് സമ്മേളനങ്ങൾക്ക് ആളെക്കൂട്ടാൻ ഗ്രാമസഭകളെ ഉപയോഗിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ജനതാദൾ പഞ്ചായത്ത് അംഗങ്ങളുള്ള വാർഡുകളിലെല്ലാം ഇത്തരത്തിലാണ് ഗ്രാമസഭകൾ നടത്തിയതെന്നും അത്തരത്തിൽ നടത്തിയ ഗ്രാമസഭകളെല്ലാം വീണ്ടും നടത്തണമെന്നുമാണ് ഘടകകക്ഷിയായ സി.പി.എം ഉൾപ്പെടെ ആവശ്യപ്പെട്ടുന്നത്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം നിലനിൽക്കെ ഗ്രാമസഭകൾ വേഗത്തിൽ നടത്തുക മാത്രമാണ് ചെയ്തതെന്ന് പെരുമാട്ടി പഞ്ചായത്ത് പ്രസിഡൻറ് റിഷ പ്രേംകുമാർ പറഞ്ഞു. ജനതാദൾ സമ്മേളനങ്ങളും അതേദിവസം തന്നെ നടത്തിയിരുന്നെങ്കിലും രാഷ്ട്രീയപ്രേരിതമായി ഒന്നും ചെയ്തിട്ടില്ല. ആക്ഷേപമുയർന്ന ഗ്രാമസഭകൾ വീണ്ടും ചേരുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.