നവകേരള സദസ്സ്: വരവേൽപിനൊരുങ്ങി
text_fieldsചിറ്റൂർ/മണ്ണാര്‍ക്കാട്: ഡിസംബർ മൂന്നിന് നടക്കുന്ന നവകേരള സദസ്സ് ആഘോഷമാക്കി മാറ്റാനൊരുങ്ങി ചിറ്റൂർ മണ്ഡലം. രണ്ടു ദിവസം മുൻപ് തന്നെ വേദി സജീവമായി കഴിഞ്ഞു. ചിറ്റൂർ ഉപജില്ല കലോത്സവത്തിൽ വിജയിച്ച വിദ്യാർഥികളുടെ കലാപരിപാടികൾ, പാട്ടു ഗ്രാമത്തിലെ കലാകാരൻമാരുടെ ഗാനമേള എന്നിവ നടന്നു. കുടുംബശ്രീകളുടെയും വിവിധ വകുപ്പിന്റെയും പ്രദർശന സ്റ്റാളുകളും ഒരുങ്ങി.
കലാപരിപാടികളും പ്രദർശനമേളകളും കാണാൻ നൂറുകണക്കിന് പേരാണ് എത്തുന്നത്. കലാപരിപാടികളുടെയും പ്രദർശന സറ്റാളുകളുടെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.എൽ. കവിത നിർവഹിച്ചു. സംഘാടക സമിതി കോഓഡിനേറ്റർ അഡ്വ.വി. മുരുകദാസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ, നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ, കൗൺസിലർ കെ. ഷീജ, തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.സി. സൈറ, പ്രധാനാധ്യാപകൻ ശ്യംപ്രസാദ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ. ജയകൃഷ്ണൻ, കെ.ആർ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
മണ്ണാര്‍ക്കാട് നിയോജകമണ്ഡലം നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നെല്ലിപ്പുഴ കിനാതി മൈതാനത്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് നടക്കുന്നത്. പ്രധാന വേദിയില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവരാണ് ഉണ്ടാവുക. പരാതികള്‍ നല്കാൻ 20 കൗണ്ടറുകള്‍ ഒരുക്കി.
ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുണ്ട്. അയ്യായിരം പേര്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. പതിനായിരത്തോളം പേര് പങ്കെടുക്കും. മാധ്യമങ്ങള്‍ക്കും പൗരപ്രമുഖര്‍ക്കും പ്രത്യേക ഇരിപ്പിടമുണ്ട്. കുടിവെള്ളം, ചായ, ടോയ്ലെറ്റ് സൗകര്യം എന്നിവയും ക്രമീകരിച്ചു കഴിഞ്ഞു. അത്യാഹിത ഘട്ടത്തില്‍ സഹായത്തിനായി മെഡിക്കല്‍ ടീം, ആംബുലന്‍സ്, അഗ്നിരക്ഷാ സേന എന്നിവരെയും സജ്ജമാക്കി.
നെല്ലിപ്പുഴ പാലത്തിന് സമീപം, അട്ടപ്പാടി റോഡില്‍ കെ.എസ്.ആര്.ടി.സി സബ് ഡിപോ പരിസരം, ദാറുന്നജാത്ത് സ്കൂള്‍ മൈതാനം എന്നിവടങ്ങളിലാണ് വാഹന പാര്‍ക്കിങിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ നിര്‍ത്തിയിടാൻ വേദിക്ക് സമീപത്ത് തന്നെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മൈതാനത്തിനകത്തും പുറത്തും ദേശീയപാതയിലും ഇതിലേക്ക് ചേരുന്ന ലിങ്ക് റോഡുകളിലുമെല്ലാം പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തി. ഇന്ന് വൈകീട്ട് ആറിന് പരിപാടി ആരംഭിക്കും. ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയെ ആദരിക്കും. നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കും. കലാപരിപാടികളും അരങ്ങേറും.
തൃത്താലയിൽ 811.53 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം -മന്ത്രി രാജേഷ്
ചാലിശ്ശേരി: കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ 811.53 കോടിയുടെ സമാനതകളില്ലാത്ത വികസന പദ്ധതികൾക്കാണ് തൃത്താലയിൽ തുടക്കം കുറിച്ചതെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. തൃത്താല നിയോജക മണ്ഡലം നവകേരള സദസ്സിൽ അധ്യക്ഷത വഹിക്കുകയായിരുന്നു.
35 കോടി ചെലവിൽ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തിയിട്ടുള്ള കൂട്ടക്കടവ് റെഗുലേറ്റർ നിർമാണ പ്രവൃത്തി ആരംഭിച്ചതായും തൃത്താലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ 105 കോടിയുടെ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് അതിവേഗം പൂർത്തീകരണത്തിലേക്ക് അടുക്കുന്നതായും മന്ത്രി പറഞ്ഞു.
കോങ്ങാട്, മണ്ണാര്‍ക്കാട് മേഖലയിലും പാലക്കാട്ടും ഗതാഗത നിയന്ത്രണം
പാലക്കാട്: നവകേരള സദസ്സുമായി ബന്ധപ്പെട്ട് കോങ്ങാട്, മണ്ണാര്‍ക്കാട് മേഖലയിലും ശനിയാഴ്ച പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചക്ക് രണ്ടുമുതല്‍ കോങ്ങാട് വഴിയുള്ള സംസ്ഥാന പാതയിലും വൈകീട്ട് ആറ് മുതല്‍ മണ്ണാര്‍ക്കാട് വഴിയുള്ള ദേശീയപാതയിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഉച്ചക്ക് രണ്ടുമുതല്‍ പാലക്കാട് നിന്നും മുണ്ടൂര്‍ വഴി ചെര്‍പ്പുളശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ മണ്ണാര്‍ക്കാട് ആര്യമ്പാവ് വഴി ചെര്‍പ്പുളശ്ശേരിയിലേക്ക് പോകണം. ചെര്‍പ്പുളശ്ശേരിയില്‍നിന്ന് കോങ്ങാട് വഴി പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൊട്ടശ്ശേരി വഴി തിരിഞ്ഞ് കല്ലടിക്കോട് വഴി പോകണം. പത്തിരിപ്പാലയില്‍നിന്ന് കോങ്ങാട് വഴി മുണ്ടൂര്‍ പോകേണ്ട വാഹനങ്ങള്‍ മുച്ചീരി വഴി തിരിഞ്ഞ് ഒമ്പതാംമൈല്‍ വഴി പോകണം.
വൈകീട്ട് ആറിനുശേഷം മണ്ണാര്‍ക്കാട് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുണ്ടൂരില്‍നിന്ന് കോങ്ങാട് വഴി തിരിഞ്ഞുപോകണം. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് മണ്ണാര്‍ക്കാട് വഴി പാലക്കാട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ കോങ്ങാട് വഴി തിരിഞ്ഞു പോകണം.
പാലക്കാട്: കോട്ടമൈതാനത്ത് ഡിസംബര്‍ രണ്ടിന് നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ സുല്‍ത്താന്‍പേട്ട, സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്, ഐ.എം.എ ജങ്ഷന്, എസ്.ബി.ഐ ജങ്ഷന്, റോബിന്‍സണ്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന് എസ്.ഐ അറിയിച്ചു.
തൃത്താലയിൽ 4419 നിവേദനം; പട്ടാമ്പിയിൽ 3404
ചാലിശ്ശേരി: ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയത്തില്‍ നടന്ന തൃത്താല നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍നിന്ന് ലഭിച്ചത് 4419 നിവേദനങ്ങള്‍.
പട്ടാമ്പി: പട്ടാമ്പി നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍നിന്ന് ലഭിച്ചത് 3404 നിവേദനങ്ങള്‍. 20 കൗണ്ടറുകളാണ് നിവേദനങ്ങള്‍ നല്‍കുന്നതിനായി സജ്ജീകരിച്ചിരുന്നത്.
ഷൊർണൂര്‍ മണ്ഡലത്തില്‍ ലഭിച്ചത് 3424 നിവേദനം
ഷൊർണൂര്‍: നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍നിന്ന് സ്വീകരിച്ചത് 3424 നിവേദനങ്ങള്‍. രാവിലെ എട്ട് മുതല്‍ തന്നെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തിത്തുടങ്ങിയിരുന്നു.
ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസ് മൈതാനത്തെ വേദിയില്‍ 20 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാൻ ഒരുക്കിയിരുന്നത്. വയോജനങ്ങള്‍ക്കായി രണ്ട് കൗണ്ടറുകളും സ്ത്രീകള്‍ക്കായി ഏഴ് കൗണ്ടറുകളും ഭിന്നശേഷിക്കാര്‍ക്ക് ഒരു കൗണ്ടറുമാണ് ഒരുക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.