പോർമുഖം തുറന്ന് ചിറ്റൂർ
text_fieldsചിറ്റൂർ: ഏട്ടന്മാർ തമ്മിലുള്ള പോരാട്ടംകൊണ്ട് ശ്രദ്ധേയമാണ് ചിറ്റൂർ നിയോജക മണ്ഡലം. തുടർച്ചയായി നാലുതവണ ചിറ്റൂർ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ. അച്യുതനും ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയും ചിറ്റൂരുകാർക്ക് ഏട്ടന്മാരാണ്. ഇവർ തമ്മിലുള്ള പോരാട്ടം ഇക്കുറിയില്ലെങ്കിലും യുവത്വത്തിെൻറ കരുത്തുമായി മണ്ഡലം തിരിച്ചുപിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് കെ. അച്യുതെൻറ മകൻ അഡ്വ. സുമേഷ് അച്യുതൻ. 1996 മുതൽ 2011 വരെ മണ്ഡലത്തെ തുടർച്ചയായി നാലുതവണ പ്രതിനിധാനം ചെയ്ത കെ. അച്യുതെൻറ ജനകീയത തുണയാകുമെന്ന വിശ്വാസത്തിൽ സുമേഷ് അച്യുതൻ മത്സര രംഗത്തിറങ്ങുമ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങളുടെ പട്ടികയുമായാണ് കെ. കൃഷ്ണൻകുട്ടി ജനവിധി തേടുന്നത്. മഴനിഴൽ പ്രദേശമായ കിഴക്കൻ മേഖലയിലെ എല്ലാകാലത്തെയും പ്രധാന പ്രശ്നം ജലക്ഷാമമാണ്. മണ്ഡലത്തിലെ രാഷ്ട്രീയ ഗതി വിഗതികളെ നിയന്ത്രിക്കുന്നതും ജലവിഷയങ്ങൾ തന്നെ. ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ജല വിഷയങ്ങൾ പ്രശ്നമല്ലാതാക്കിയതിെൻറ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്.
ഇടത് -സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ഡലത്തെ കൂടുതൽ തവണയും പ്രതിനിധാനം ചെയ്തിട്ടുള്ളത് സോഷ്യലിസ്റ്റ് നേതാക്കളാണ്. 1980, 82, 91 വർഷങ്ങളിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് കെ. കൃഷ്ണൻകുട്ടിയായിരുന്നു. 96 മുതൽ മൂന്നു തവണ കോൺഗ്രസിെൻറ കെ. അച്യുതനോട് പരാജയപ്പെട്ട കെ. കൃഷ്ണൻകുട്ടി 2016ലെ തെരഞ്ഞെടുപ്പിൽ 7285 വോട്ടുകൾക്ക് അച്യുതനെ പരാജയപ്പെടുത്തി. ജല വിഷയങ്ങളുടെ പേരിലെ രാഷ്ട്രീയ ധ്രുവീകരണങ്ങളുടെ പേരിൽ അധികാരത്തിലെത്തുകയും രണ്ടര വർഷത്തിനുശേഷം മന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്ത കെ. കൃഷ്ണൻകുട്ടിക്ക് ഇക്കുറി അഭിമാന പോരാട്ടം കൂടിയാണ്. കിഴക്കൻ മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് പരമാവധി ഇടപെടൽ നടത്തിയെന്ന ആത്മവിശ്വാസം ഇക്കുറി ഭൂരിപക്ഷം വർധിക്കുമെന്ന പ്രതീക്ഷയാണ് ഇടതു പക്ഷത്തിന്. അടിസ്ഥാന വികസനത്തിൽ അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് എൽ.ഡി.എഫ് പറയുന്നു.
വർഷങ്ങളായി തകർന്നു കിടന്ന മൂലത്തറ റെഗുലേറ്റർ നിർമാണം പൂർത്തിയാക്കിയതും താലൂക്ക് ആശുപത്രി നവീകരണവും കിഴക്കൻ മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്തതുമൊക്കെ കെ. കൃഷ്ണൻകുട്ടിക്ക് തുണയാകും. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ കൃഷ്ണൻകുട്ടി ജനത പാർട്ടിയിലേക്കും പിന്നീട് ജനതാദളിലേക്കും ചുവടു മാറി. ഒമ്പതു തവണ ചിറ്റൂരിൽ ജനവിധി തേടിയ കൃഷ്ണൻകുട്ടിയെ നാലു തവണ ചിറ്റൂരുകാർ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ, കെ. അച്യുതൻ തുടങ്ങിെവച്ച പദ്ധതികൾ പലതും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് യു.ഡി.എഫ് പറയുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തുടക്കംകുറിച്ച പദ്ധതികൾ പലതും പൂർത്തിയാവാതെ കിടക്കുന്നുണ്ട്. പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ആർ.ബി.സി കനാൽ യാഥാർഥ്യമായിട്ടില്ലെന്നും സുമേഷ് പറയുന്നു.
നിയമസഭയിലേക്കുള്ള കന്നിയങ്കമാണെങ്കിലും 2017ലെ സംസ്ഥാന തല ഷൂട്ടിങ് മത്സരത്തിലെ വെള്ളി മെഡൽ ജേതാവ് ലക്ഷ്യമിടുന്നത് നിയമസഭ തെരഞ്ഞെടുപ്പിലെ സുവർണ മെഡൽ തന്നെയാണ്. നാലുതവണ പാലക്കാട് നഗരസഭയിൽ അംഗമായ വി. നടേശനും നിയമസഭ തെരഞ്ഞെടുപ്പ് കന്നിയങ്കമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പൊതു രംഗത്തുള്ള നടേശൻ യുവമോർച്ചയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.