എക്സൈസ് ഓഫിസുകളിൽ റെയ്ഡ്; 83,620 രൂപ പിടികൂടി
text_fieldsചിറ്റൂർ: എക്സൈസ് ഓഫിസുകളിൽ വിജിലൻസിെൻറ മിന്നൽ പരിശോധന. കൈക്കൂലിയായി ലഭിച്ച 83,620 രൂപ പിടികൂടി. പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി ഷാനവാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത പണം പിടികൂടിയത്.
എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസറെയും എക്സൈസ് ഗാർഡിനെയും പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഇതിനുപുറമെ പ്രിവൻറിവ് ഒാഫിസറുടെ കൈവശം കണക്കിൽ പെടാത്ത 2000 രൂപയും കണ്ടെത്തി. തുടർന്ന് എക്സൈസ് റേഞ്ച് ഓഫിസിൽ നടത്തിയ പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടറുടെ കൈയിൽനിന്ന് 1620 രൂപയും പിടികൂടി.
ബുധനാഴ്ച രാവിലെ 10.45ഓടെയാണ് സംഭവം. കള്ളുഷാപ്പ് ഉടമകളിൽ നിന്ന് പെർമിറ്റ് നൽകാനായി വാങ്ങിയ പണമാണ് വിജിലൻസ് പിടികൂടിയത്. രാവിലെ എേട്ടാടെ ഡ്യൂട്ടി അവസാനിച്ചിട്ടും ഗാർഡ് കലക്ഷൻ തുക കൈപ്പറ്റാൻ ഓഫിസിൽ തന്നെ നിൽക്കുകയായിരുന്നുവെന്നാണ് വിവരം.
ഷാപ്പുടമകൾ പത്തരയോടെ ജിഡി ചാർജുള്ള പ്രിവൻറിവ് ഓഫിസർക്ക് പണം കൈമാറുകയും ഇയാൾ അത് ഗാർഡിനെ ഏൽപിക്കുകയുമായിരുന്നു. വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാർ, പി.ഡബ്ല്യു.ഡി ഗസറ്റഡ് ഓഫിസർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ റഫീക്ക്, സുരേന്ദ്രൻ, എസ്.സി.പി.ഒ രമേഷ്, സലേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൈക്കൂലി പിരിക്കാൻ മാർഗങ്ങൾ നിരവധി
കൈക്കൂലി പിരിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും ആസൂത്രിതമായാണ് അതിർത്തിയിലെ എക്സൈസിെൻറ പ്രവർത്തനം. ഓരോ കള്ളുഷാപ്പുകളിൽനിന്ന് പെർമിറ്റ് നേടാൻ പെർമിറ്റ് പ്രകാരമുള്ള ഓരോ ലിറ്റർ കള്ളിനും 12 രൂപ വീതം കൈക്കൂലി വാങ്ങിക്കുകയാണ് ചെയ്യുന്നത്. അധികൃതരുടെ കണ്ണിൽ പൊടിയിടാൻ ദിവസം അഞ്ചിൽ താഴെ ഷാപ്പുടമകളിൽനിന്നാണ് രഹസ്യമായി പണമീടാക്കുക. ഇതിനായി 1000 മുതൽ 2500 ലിറ്റർ വരെ പെർമിറ്റുള്ള ഷാപ്പുടമകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ബുക്കും ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്.
ഇതിൽനിന്ന് ഉൗഴമിട്ട് പണം പിരിച്ച ശേഷം ഉദ്യോഗസ്ഥർ വീതിച്ചെടുക്കും. ബുധനാഴ്ച വിജിലൻസ് നടത്തിയ പരിശോധനയിൽ ഇൗ പുസ്തകവും പിടികൂടിയിരുന്നു. പിരിച്ചെടുത്ത പണം ഡ്യൂട്ടിയിലുള്ളവർ സൂക്ഷിക്കാറില്ല. ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവർ സമീപത്ത് തുടരുകയും പിരിവ് പൂർത്തിയായശേഷം പണവുമായി പോവുകയുമാണ് ചെയ്യുക. ഒന്നര ലക്ഷത്തിലേറെ ലിറ്റർ കള്ളാണ് ചിറ്റൂരിലെ ശരാശരി ഉൽപാദനം.
ആറുമാസത്തിലൊരിക്കൽ പെർമിറ്റ് പുതുക്കണമെന്നിരിക്കെ ലക്ഷക്കണക്കിന്ന് രൂപയാണ് കൈക്കൂലിയിനത്തിൽ ഉദ്യോഗസ്ഥർ സമ്പാദിക്കുന്നത്. ഇതുകൊണ്ടുതന്നെ മേഖലയിലേക്ക് ട്രാൻസ്ഫർ ലഭിക്കാൻ ഉദ്യോഗസ്ഥരിൽ പലരും ഉന്നതതല ശിപാർശയുമായി ഒാഫിസുകൾ കയറിയിറങ്ങുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.