ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതി വീട്ടിൽ പ്രസവിച്ചു
text_fieldsചിറ്റൂർ: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ പ്രസവം. പാലക്കാട് കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള സ്വദേശിനിയായ 29 കാരിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ വിവരം ആശ പ്രവർത്തകയെ അറിയിക്കുകയും അവർ 108 നമ്പറിലേക്ക് ബന്ധപ്പെടുകയുമായിരുന്നു. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം കൊഴിഞ്ഞാമ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി.
ആംബുലൻസ് പൈലറ്റ് വി. രാജേഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആർ. കവിത എന്നിവർ ഉടൻ സ്ഥലത്തെത്തി. യുവതിയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്ന് മനസിലാക്കി കവിത വീട്ടിൽത്തന്നെ പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി വേർപ്പെടുത്തിയ കവിത ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് രാജേഷ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.