ജിംഗിൾ ബെൽസ്... ജിംഗിൾ ബെൽസ്...
text_fieldsപാലക്കാട്ട്: ക്രിസ്മസ് ആരവങ്ങളുയർന്നതോടെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും സാന്താക്ലോസ് വസ്ത്രങ്ങളും ഉണ്ണിയേശുവിന് കിടക്കാൻ പുൽക്കൂടുകളുമൊരുക്കി വിപണിയും സജീവമായി. നഗരത്തിലെ ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളിലും ക്രിസ്മസ് ആഘോഷത്തിന് അലങ്കാരവസ്തുക്കൾ എത്തിക്കഴിഞ്ഞു. വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള ആകർഷകമായ നക്ഷത്രങ്ങളാണ് ക്രിസ്മസ് വിപണിയിലെ സ്റ്റാറുകൾ.
കടലാസ്, എൽ.ഇ.ഡി, പ്ലാസ്റ്റിക് എന്നിങ്ങനെ പല തരത്തിലുള്ള നക്ഷത്രങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത്. 30 മുതൽ 400 രൂപ വരെയാണ് കടലാസ് നക്ഷത്രങ്ങളുടെ വില. വെള്ളം നനഞ്ഞാലും കേടുപറ്റാത്ത പ്ലാസ്റ്റിക് സ്റ്റാറുകളും വിപണിയിലുണ്ട്. 210 മുതൽ 450 രൂപ വരെയാണ് വില. ത്രീഡി നക്ഷത്രങ്ങൾക്ക് 300 രൂപ മുതൽ മുകളിലേക്കാണ് വില. 125 രൂപ മുതൽ 600 രൂപ വരെ വിലക്ക് എൽ.ഇ.ഡി നക്ഷത്രങ്ങളും വിൽപനക്കുണ്ട്.
നക്ഷത്രങ്ങൾക്ക് പുറമേ ക്രിസ്മസ് ട്രീ, ഉണ്ണിയേശു ഉൾപ്പെടെയുള്ള രൂപങ്ങളുടെ സെറ്റ്, ട്രീ അലങ്കരിക്കുന്നതിനുള്ള ബെൽ, ഗിൽറ്റ് മാല, ക്രിസ്മസ് റീത്ത്, ബോളുകൾ തുടങ്ങിയവയും വിവിധ നിരക്കുകളിൽ ലഭ്യമാണ്. ക്രിസ്മസ് ട്രീക്ക് 125 രൂപ മുതൽ 3000 രൂപ വരെയാണ് വില. വലുപ്പം കൂടുന്നതിന് അനുസരിച്ച് വില വർധിക്കും. മുള, ചൂരൽ, ഹൈലം ഷീറ്റ് എന്നിവയിൽ നിർമിച്ച പുൽക്കൂടുകൾക്ക് 125 മുതൽ 1100 രൂപ വരെയാണ് വില. സാന്താക്ലോസിന്‍റെ വസ്ത്രങ്ങൾക്ക് 250 മുതൽ 1000 രൂപ വരെയുണ്ട്. തൊപ്പി മാത്രമായി 15 രൂപക്കും ലഭിക്കും. ഉണ്ണിയേശു സെറ്റിൽ 18 രൂപങ്ങളാണുണ്ടാവുക. മിക്ക വീടുകളിലും ഇപ്പോൾ തന്നെ നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ക്രിസ്മസ് അടുക്കുമ്പോഴേക്കും വിൽപന ഉഷാറാകുമെന്ന് മാർക്കറ്റ് റോഡിലെ വ്യാപാരി സി.വി. വിൻസന്‍റ് പറഞ്ഞു.
കേക്കുവിപണിയും ഉഷാർ
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്കായി കേക്ക് വിപണിയും ഒരുങ്ങി കഴിഞ്ഞു. വ്യത്യസ്ത രുചികളിലും ഫ്ളേവറുകളിലുമുള്ള കേക്കുകളാണ് വിപണിയിലുള്ളത്. ക്രിസ്മസിന് പ്ലം കേക്കുകൾക്കാണ് കൂടുതൽ ഡിമാൻഡ്. റിച്ച് പ്ലം, ഡേറ്റ്സ് ആൻഡ് കാരറ്റ് പ്ലം, കാരറ്റ് പ്ലം, സാധാരണ പ്ലം തുടങ്ങി പലതരത്തിൽ പ്ലം കേക്കുകൾ ലഭ്യമാണ്. ഫ്ളേവർ മാറുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. സാധാരണ പ്ലം കേക്കിന് കിലോക്ക് 440 രൂപയാണ് വില. റിച്ച് പ്ലം-640, ഡേറ്റ്സ് ആൻഡ് കാരറ്റ്-440, കാരറ്റ്-340 എന്നിങ്ങനെയും വിലയുണ്ട്. ഇതിനുപുറമേ ഐസ് കേക്കുകളും വിപണിയിലുണ്ട്. വാനില, ചോക്ലേറ്റ്, ബട്ടർസ്കോച്ച്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങി വ്യത്യസ്തമാർന്ന കേക്കുകൾ ലഭ്യമാണ്. 600 രൂപ മുതലാണ് വില. വിൽ അൽപം കൂടുതലാണെങ്കിലും ഐസ് കേക്കിനും ആവശ്യക്കാരുണ്ട്.
കടകളിലെന്നപോലെ വീടുകളിൽ ഉണ്ടാക്കിവിൽക്കുന്ന കേക്കുകൾക്കും ഡിമാൻഡുണ്ട്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ കേക്ക് വിപണിക്ക് പ്രതീക്ഷക്കാലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.