പാലക്കാട് നഗരസഭ യോഗത്തിൽ കൈയാങ്കളി; വനിത കൗൺസിലർക്ക് മർദനം
text_fieldsപാലക്കാട്: നഗരസഭ കൗൺസിൽ യോഗത്തിനിടെ വനിത കൗൺസിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. കോൺഗ്രസ് വനിത കൗൺസിലർക്ക് മർദനമേറ്റു. ബി.ജെ.പി വനിത അംഗത്തിന്റെ വസ്ത്രം വലിച്ചുകീറി. വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ അജണ്ട അവതരണത്തിനിടെ വൈസ് ചെയർമാൻ യോഗം പിരിച്ചുവിട്ടു. തിങ്കളാഴ്ച ചേർന്ന കൗൺസിലിൽ 80 അജണ്ടകളാണ് പരിഗണനക്കുണ്ടായിരുന്നത്. ഇതിൽ മോയൻസ് ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട അജണ്ട പരിഗണനക്കെത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഡിജിറ്റലൈസേഷൻ എന്ന പേരിൽ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുകയാണെന്നും ഇതിൽ എം.എൽ.എ അടക്കമുള്ളവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ആരോപിച്ച ബി.ജെ.പി അംഗം മിനി കൃഷ്ണകുമാർ ചെയറിനരികിലെത്തി ചെയർമാന്റെ മൈക്കെടുത്തതോടെ കോൺഗ്രസ് കൗൺസിലർമാരും ചെയറിനരികിലേക്കെത്തുകയായിരുന്നു. തുടർന്ന് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിലും പിടിവലിയിലും കോൺഗ്രസ് വനിത അംഗം അനുപമക്ക് മർദനമേറ്റു. ഇതിനിടെ മിനി കൃഷ്ണകുമാറിന്റെ വസ്ത്രവും വലിച്ചുകീറി. തനിക്കും മർദനമേറ്റതായി മിനി കൃഷ്ണകുമാർ പറഞ്ഞു. ഇരുകൂട്ടരും ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിലിലെ തർക്കത്തിൽ മുഴുവൻ കൗൺസിലർമാരും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.