മാലിന്യസംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം ഒഴിവാക്കാൻ നടപടിയുമായി ക്ലീൻ കേരള കമ്പനി
text_fieldsസുരക്ഷ നടപടിയുടെ ഭാഗമായി കോങ്ങാട് ഗ്രാമപഞ്ചായത്തിൽ ക്ലീൻ കേരള പ്രതിനിധി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയോടൊപ്പം എം.സി.എഫ് സന്ദർശിച്ച് ഹരിതകർമസേനാംഗങ്ങൾക്ക്
ആവശ്യമായ സുരക്ഷാ നിർദേശം നൽകുന്നു
പാലക്കാട്: താപനില ഉയരുന്നത് കണക്കിലെടുത്ത് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടുത്ത സാഹചര്യം ഒഴിവാക്കാൻ കർമനിരതമായി ക്ലീൻ കേരള കമ്പനി. വീടുകളിൽനിന്നും കടകളിൽനിന്നും ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച് എം.സി.എഫിൽ എത്തിക്കുന്ന അജൈവ മാലിന്യങ്ങൾ എത്രയും വേഗം തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ ജില്ല മാനേജർ ആദർശ് ആർ. നായർ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.
സെക്ടർ അടിസ്ഥാനത്തിൽ ദൈനംദിനമായി എം.സി.എഫുകളുടെ വിവരശേഖരണം നടത്താനും എം.സി.എഫുകൾ സന്ദർശിച്ചും തദ്ദേശ സ്ഥാപന അധികൃതരുമായി ആശയ വിനിമയം നടത്തിയും സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തിര നടപടി സ്വീകരിക്കാനും ക്ലീൻ കേരള പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. മാലിന്യം ഉടനടി നീക്കം ചെയ്യാൻ അധിക സജ്ജീകരണവും ഏർപ്പാടാക്കി. സർക്കാരിന്റെ ഫയർ ഓഡിറ്റ് നിർദേശം കാര്യക്ഷമമായി നിർവഹിക്കൽ ഉറപ്പാക്കും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഫയർ ഓഡിറ്റ് ടീം രൂപീകരിച്ച് തീപിടിത്ത സാധ്യതകൾ അവലോകനം ചെയ്യണം. ജില്ല ദുരന്തനിവാരണ അതോറിറ്റി തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിതി വിലയിരുത്തും. സി.സി.ടി.വി കാമറകൾ, നൈറ്റ് കാമറകൾ, അഗ്നിശമന ഉപകരണങ്ങൾ, ജീവനക്കാർക്കുള്ള പരിശീലന വിവരങ്ങൾ, വൈദ്യുതി, വെള്ളം, ജനറേറ്റർ സൗകര്യങ്ങൾ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഫയർ ഓഡിറ്റ് ടീം പരിശോധിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.