കാലവർഷം ദുർബലമാകുന്നു; കേടുപാടുകളുണ്ടായത് 480 വീടുകൾക്ക്, 19 വീടുകൾ പൂർണമായും തകർന്നു
text_fieldsപാലക്കാട്: ജില്ലയിൽ കാലവർഷം പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച മഴ ദുർബലമായി. ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിൽ കാർഷിക മേഖലയിലടക്കം വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തത്.
അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും കല്ലടിക്കോടും കാറ്റിലും മഴയിലും ഏക്കർകണക്കിന് കൃഷി നശിച്ചു. ഭാഗികമായി 32 വീടുകളും പൂർണമായി ഏഴ് വീടുകളും തകർന്നു. ഇതോടെ ഭാഗികമായി 480 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. 19 വീടുകൾ പൂർണമായും തകർന്നു.
ഞായറാഴ്ച ഉണ്ടായ മഴയിൽ 9.235 കിലോമീറ്റർ കെ.എസ്.ഇ.ബി കണക്ഷനും 50 പോസ്റ്റുകളും കേടുപാട് സംഭവിച്ചു.
ഇതുവരെ ജില്ലയിലെ 203.024 കിലോമീറ്റർ കെ.എസ്.ഇ.ബി കണക്ഷനുകൾക്കാണ് തകരാർ സംഭവിച്ചത്. കൂടാതെ 1825 പോസ്റ്റുകളും 18 ട്രാൻസ്ഫോർമറുകളും തകർന്നു. 24 മണിക്കൂറിനിടെ 10.08 ഹെക്ടർ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. ജൂൺ ഒന്നുമുതൽ ജില്ലയിൽ 874.89 ഹെക്ടർ കൃഷിയാണ് മഴയിൽ നശിച്ചത്.
ജില്ലയിൽ കാലവർഷം ദുർബലമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് ഏഴിന് 103.71 മില്ലിമീറ്റർ ശരാശരി മഴ റിപ്പോർട്ട് ചെയ്തപ്പോൾ എട്ടിന് 72.52 മില്ലിമീറ്ററും ഒമ്പതിന് 41.85 മില്ലിമീറ്ററുമാണ് ജില്ലയിൽ ലഭിച്ചത്.
വൃഷ്ടിപ്രദേശങ്ങളിൽ മഴ ദുർബലമായതോടെ മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞു. ജില്ലയിൽ നദികളുടെ പരിസരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതനിർദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി.
കനത്ത മഴയെത്തുടർന്ന് ആഴ്ചകകൾക്ക് മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട അട്ടപ്പാടിയുടെ ഉൾഗ്രാമങ്ങളിൽ ൈവദ്യുതി എത്തിക്കാനായി ശ്രമം നടക്കുകയാണ്. ശനിയാഴ്ച രാവിലെ എട്ടുമുതൽ ഞായറാഴ്ച രാവിലെ എട്ടുവരെ ജില്ലയിൽ 41.85 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ തുടരുന്നതോടെ നെല്ലിയാമ്പതി നൂറടി പുഴയിൽ ജലനിരപ്പുയർന്നിട്ടുണ്ട്. മഴ കൂടുതൽ ശക്തമായാൽ സമീപത്ത് താമസിക്കുന്നവരെ നൂറടിയിലുള്ള പോളച്ചിറക്കൽ സ്കൂളിലേക്ക് മാറ്റുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. കല്ലടിക്കോട് സിങ്കപ്പാറ ആദിവാസി കോളനിയിലേക്കുള്ള പ്രധാന റോഡ് തകർന്നതോടെ 50ഒാളം ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു.
ദുരന്ത നിവാരണ പ്രതികരണ സേന ശിരുവാണിയിൽ
കല്ലടിക്കോട്: കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സേന സംഘം ശിരുവാണിയിൽ മലയിടിച്ചിലിൽ റോഡ് തകർന്ന എസ് വളവ് പ്രദേശവും ശിങ്കമ്പാറ ആദിവാസി കോളനിയും സന്ദർശിച്ചു.
മണ്ണാർക്കാട് അഡീഷനൽ തഹസിൽദാർ മുഹമ്മദ് റാഫി സംഘത്തിന് നേതൃത്വം നൽകി. പാലക്കയം-ശിരുവാണി റോഡ് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചലിൽ തകർന്നത് കാരണം ശിരുവാണി ആദിവാസി കോളനി ഒറ്റപ്പെട്ടിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ മുതൽ പെയ്ത മഴയിൽ ശിരുവാണി റോഡ് എസ് വളവിനോട് ചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കോളനിയിലേക്ക് പോകുന്ന ഏക മാർഗമാണിത്.
മഴക്കെടുതിയോടൊപ്പം കാട്ടാനയും; വൻ കൃഷിനാശം
മണ്ണാർക്കാട്: തെങ്കര തത്തേങ്ങലത്ത് കാട്ടാനക്കൂട്ടമിറങ്ങി. നിരവധി കർഷകരുടെ 2000 വാഴകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയിൽ നശിച്ച വാഴകൾക്ക് പുറമെയാണ് കർഷകരുടെ നെഞ്ചിൽ ഇടിത്തീയായി കാട്ടാന വിളയാട്ടം. ശനിയാഴ്ച രാത്രിയാണ് തത്തേങ്ങലം ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. കോലാട്ടിൽ കുട്ടൻ, മുണ്ടന്മാരിൽ കണ്ണൻ എന്നിവരുടെ 2000 വാഴകളും വഴിപ്പറമ്പിൽ മുഹമ്മദ് ഹാജിയുടെ തെങ്ങ്, കവുങ്ങ് എന്നിവയും നശിപ്പിച്ചു. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ വെട്ടാറായ വാഴകളാണ് നശിച്ചത്. വനപാലകർ സ്ഥലം സന്ദർശിച്ചു.
പ്രളയ മുന്നൊരുക്കം: ഇൻറർ ഏജൻസി ഗ്രൂപ് യോഗം ചേർന്നു
നെന്മാറ: പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കത്തിെൻറ ഭാഗമായി ജില്ല കലക്ടറുടെ നേതൃത്വത്തിൽ ഇൻറർ ഏജൻസി ഗ്രൂപ് (ഐ.എ.ജി) യോഗം കൊല്ലങ്കോട് ആശ്രയം കോളജിൽ ചേർന്നു. രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടന അംഗങ്ങളെ ഉൾപ്പെടുത്തിയാണ് യോഗം സംഘടിപ്പിച്ചത്. ബിജു മാങ്ങോട്ടിൽ, ടി.കെ. ഷിഹാബുദ്ദീൻ, ശരവണകുമാർ എന്നിവർ നേതൃത്വം നൽകി. ഏതുതരം പ്രതിസന്ധിലുണ്ടായാലും സർക്കാർ ഏജൻസികളുമായി സഹകരിച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ഇൻറർ ഏജൻസി ഗ്രൂപ് കോഓഡിനേറ്റർമാർ അംഗങ്ങൾക്ക് നിർദേശം നൽകി.
പ്രളയ സാധ്യത: പട്ടാമ്പി മണ്ഡലത്തിൽ മുന്നൊരുക്കം വിലയിരുത്തി
പട്ടാമ്പി: മണ്ഡലത്തിൽ പ്രളയ സാധ്യതയുടെ പശ്ചാത്തലത്തിൽ വിവിധ സ്ഥലങ്ങളിലെ മുന്നൊരുക്കം വിലയിരുത്താൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശനം നടത്തി.
കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി സാരമായ നാശം സംഭവിച്ച വിളയൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളിലാണ് സന്ദർശനം നടത്തിയത്. കാലവർഷം കനക്കുകയും വീണ്ടുമൊരു ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനുള്ള സാധ്യതയെക്കുറിച്ചുമുള്ള കാലാവസ്ഥ മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. കഴിഞ്ഞ പ്രളയത്തിൽ ഏറെ നാശനഷ്ടം സംഭവിച്ച വിളയൂർ തുടിക്കൽ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിൽ പ്രളയ സാധ്യത മുന്നിൽകണ്ട് മോട്ടോറുകൾ അടക്കമുള്ള വസ്തുക്കൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
അപകടകരമായ അവസ്ഥ മണ്ഡലത്തിൽ എവിടെയും ഇപ്പോൾ നിലവിലില്ലെന്ന് എം.എൽ.എ അറിയിച്ചു. മലമ്പുഴ കാഞ്ഞിരപ്പുഴ ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരുന്നു.
എന്നാലും പുഴയോരത്ത് താമസിക്കുന്നവരും കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണമെന്ന് എം.എൽ.എ പറഞ്ഞു. പ്രളയത്തോടനുബന്ധിച്ചുള്ള ദുരിതാശ്വാസ ക്യാമ്പുകൾ മണ്ഡലത്തിൽ സജ്ജമാണെങ്കിലും ആരെയും മാറ്റി താമസിപ്പിക്കേണ്ട സാഹചര്യങ്ങൾ നിലവിലില്ല. സബ് കലക്ടറുടെ നേതൃതത്തിൽ പട്ടാമ്പി തഹസിൽദാർ, മറ്റു റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും മണ്ഡലത്തിലെ വിവിധ ദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.