തെങ്ങ് പരിപാലനം; കൃഷി വകുപ്പിന്റെ പേരിൽ തട്ടിപ്പ്
text_fieldsഒറ്റപ്പാലം: കൃഷി വകുപ്പിൽ നിന്നെന്ന വ്യാജേന കേര കർഷകരുടെ വീടുകളിൽനിന്ന് വ്യാപകമായി തട്ടിപ്പ്. ഈ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അറിയിച്ചു. തെങ്ങ് പരിപാലനത്തിനെന്ന പേരിൽ സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് വിവിധ വീടുകളിൽനിന്ന് തുക തട്ടിയെടുത്തത്. പാലാട്ട് റോഡിലെ ഒരു വീട്, കണ്ണിയംപുറത്തെ പ്രവാസി എന്നിവർ പരാതിയുമായി രംഗത്തുവന്നു. തെങ്ങൊന്നിന് 100 രൂപ വീതമാണ് പരിപാലനത്തിനായി ഇവർ മുൻകൂർ വാങ്ങുന്നത്. തെങ്ങിന് ഉപയോഗിക്കാനെന്ന പേരിൽ അരക്കിലോ തൂക്കം വരുന്ന ഏഴ് പാക്കറ്റുകളും കണ്ണിയംപുറത്തെ വീട്ടിൽ നൽകി. തൊട്ടടുത്തദിവസം തെങ്ങ് നന്നാക്കാൻ ആളെത്തുമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തുക കൈപ്പറ്റിയതിന് നൽകിയ രശീതിയുടെ പിറകിൽ കുറിച്ചിട്ട നമ്പറിൽ വിളിച്ചാൽ മതിയെന്നും അറിയിച്ചാണ് പോയത്. എന്നാൽ പിന്നീട് ഈ ഫോണിൽ ബന്ധപ്പെടാൻ നടത്തിയ ശ്രമം വിഫലമായി. കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള അഗ്രി ഹോർട്ടികൾച്ചറൽ ഫാം യൂനിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ വീട്ടുകാരെ സമീപിക്കുന്നത്. വളപ്രയോഗം ഉൾപ്പടെയുള്ള തെങ്ങ് പരിപാലനവും തേങ്ങയിടലും ഏറ്റെടുത്ത് നടത്തുമെന്നും 20 തെങ്ങുകളിൽ കൂടുതൽ ഉള്ളവർക്കുള്ളവർക്ക് തെങ്ങൊന്നിന് 20 രൂപയുടെ പ്രത്യേക പദ്ധതി ഉണ്ടെന്നും ഇവർ അറിയിച്ചതായി പറയുന്നു.
കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ളത് ഹോർട്ടിക്കൾച്ചറൽ ആണെന്നിരിക്കെ തട്ടിപ്പ് വനിതകൾ നൽകിയ രശീതിയിലെ അച്ചടി അഗ്രി ഹോൾട്ടികൾച്ചറൽ ഫാം എന്നതും തട്ടിപ്പ് ബലപ്പെടുത്തുന്നു. കഴിഞ്ഞവർഷങ്ങളിലും സമാന രീതിയിലുള്ള തട്ടിപ്പിന് നിരവധിപേർ ഇരകളായി. സർക്കാർ ഓഫിസുകളിൽനിന്ന് ഇത്തരത്തിൽ ഇറങ്ങി വിൽപ്പന നടത്താൻ ഒരുഉദ്യോഗസ്ഥനും അനുമതി നൽകിയിട്ടില്ലെന്നാണ് കൃഷി വകുപ്പുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം. തെങ്ങുകയറ്റാൻ തൊഴിലാളികളുടെ ക്ഷാമവും ഉയർന്ന കൂലിയുമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് അവസരമാകുന്നത്. പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഹെഡ് ഓഫിസും ഒറ്റപ്പാലം ഉൾപ്പടെ ഏഴിടങ്ങളിൽ ശാഖകളും ഉണ്ടെന്നാണ് രശീതിയിൽ കാണുന്നത്. എന്നാൽ ഒറ്റപ്പാലത്തെ ഇങ്ങനെ ഒരു ശാഖയെക്കുറിച്ച് ആർക്കും അറിവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.