റെയിൽവേ അവഗണനക്കെതിരെ സ്റ്റേഷനുകളിൽ ഒപ്പ് ശേഖരണം
text_fieldsപുതുനഗരം: അമൃത എക്സ്പ്രസ് പുതുനഗരം സ്റ്റേഷനിൽ നിർത്തണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം ആരംഭിച്ചു. പാലക്കാട്-പൊള്ളാച്ചി ലൈൻ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷനാണ് ഒപ്പുശേഖരണം നടത്തിയത്. മീറ്റർഗേജിൽ സർവിസ് നടത്തിയിരുന്ന ട്രെയിനുകൾ പുനഃസ്ഥാപിക്കുക, പാലക്കാട്-ചെന്നൈ ട്രെയിൻ പുതുനഗരത്ത് നിർത്തുക, നിലവിൽ അനുവദിച്ച പ്രത്യേക ട്രെയിനായ പാലക്കാട്-പൊള്ളാച്ചി പാസഞ്ചർ രാവിലെ ആറരക്ക് പാലക്കാട്ടുനിന്ന് സർവിസ് ആരംഭിക്കുക, തീർഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിച്ചുകൊണ്ട് പുതിയ ട്രെയിനുകൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപ്പ് ശേഖരണം.
ഒപ്പ് ശേഖരണം കേന്ദ്ര റെയിൽവേ മന്ത്രി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, മുഖ്യമന്ത്രി എന്നിവർക്ക് അയക്കുമെന്ന് സംഘാടകർ പറഞ്ഞു. നെല്ലിമേട്ടിൽ ആരംഭിച്ച ഒപ്പ് ശേഖരണം പാലക്കാട്-പൊള്ളാച്ചി ലൈൻ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുരുകൻ ഏറാട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വൈ. ഇബ്രാഹീം ഷാ അധ്യക്ഷത വഹിച്ചു. എ. മുഹമ്മദ്കാസിം, ഇ.എം. റഹ്മത്തുല്ല, വി.എച്ച്. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
കൊല്ലങ്കോട്: നിർത്തിവെച്ച എല്ലാ ട്രെയിനുകളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒപ്പ് ശേഖരണം ആരംഭിച്ചു. കൊല്ലങ്കോട്ട് റിസർവേഷൻ കൗണ്ടർ ആരംഭിക്കണമെന്ന് ഉദ്ഘാടകൻ ഊട്ടറ ഗണപതി ക്ഷേത്രം പ്രധാന പൂജാരി ഗുഹൻ സ്വാമി പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി കാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. കൺവീനർ എ. സാദിഖ്, പി.വി. ഷൺമുഖൻ, സക്കീർ ഹുസൈൻ, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
മുതലമട: മുതലമട സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം ആരംഭിച്ചു. ചെന്നൈ-പാലക്കാട്, മധുര-തിരുവനന്തപുരം (അമൃത) ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, തീർഥാടകൾക്ക് സഹായകമായിരുന്ന പാലക്കാട്-രാമേശ്വരം, പാലക്കാട് -തിരുച്ചെന്തൂർ ട്രെയിനുകൾ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്ത പാലക്കാട് മാങ്കോവാലി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഡയറക്ടർ ഫക്കീർ മുഹമ്മദ് ആവശ്യപ്പെട്ടു. മുതലമടയിൽ മാങ്ങ കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ കിസാൻ ട്രെയിൻ വേണമെന്ന ആവശ്യം ഇതുവരെ റെയിൽവേ പരിഗണിച്ചില്ല. ഡൽഹി, ഇന്ദോർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് മാങ്ങ കയറ്റിയയക്കാൻ കിസാൻ ട്രെയിൻ അത്യാവശ്യമാണെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.പൊള്ളാച്ചിയിലേക്കും പാലക്കാട്ടിലേക്കുമുള്ള തൊഴിലാളികൾക്ക് ഗുരണകരമാകുന്ന പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കണമെന്നും സിനിമ ചിത്രീകരണം മാത്രം നടത്തുന്ന റെയിൽവേ സ്റ്റേഷനിൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ട്രെയിനുകൾ സർവിസ് ആരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എസ്. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.എച്ച്. അബ്ദുൽ മജീദ്, എം.അഹ്മദ് കബീർ, എസ്. അബ്ദുൽ റഹ്മാൻ, എസ്. യൂസഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.