സെക്യൂരിറ്റി രേഖകൾക്ക് പകരം കളർ പകർപ്പ് നൽകി തട്ടിപ്പ്; വിജിലൻസ് വിവരശേഖരണം തുടങ്ങി
text_fieldsപാലക്കാട്: നഗരസഭയിൽ വിവിധ നിർമാണ പ്രവർത്തനങ്ങളുടെ സെക്യൂരിറ്റി രേഖകൾക്ക് പകരം മുമ്പ് സമർപ്പിച്ച രേഖകളുടെ കളർ പകർപ്പ് നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ വിജിലൻസ് വിവരശേഖരണം നടത്തി. മൂന്ന് കരാറുകാർ 20 ലക്ഷം രൂപയോളം തുകക്ക് തുല്യമായ ട്രഷറി, ബാങ്ക് സെക്യൂരിറ്റി രേഖകളുടെ പകർപ്പ് നൽകി തട്ടിപ്പ് നടത്തിയതായി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
പ്ലാൻ ഫണ്ടുപയോഗിച്ചുള്ളതും എം.എൽ.എ ഫണ്ടിലുൾപ്പെടുത്തിയുള്ള നിർമാണപ്രവർത്തനങ്ങളിലും പരിശോധന തുടരുന്നതിനിടെ തട്ടിപ്പിന് ആഴവും പരപ്പും വർധിക്കുന്നതായാണ് സൂചന. പരാതി ലഭിച്ചിട്ടില്ലെന്നും വിഷയത്തിെൻറ ഗൗരവം കണക്കിലെടുത്ത് വിവരശേഖരണം നടത്തുകയായിരുന്നുവെന്നും വിജിലൻസ് അധികൃതർ പറഞ്ഞു.
തട്ടിപ്പ് ശ്രദ്ധയിൽപെട്ടതോടെ അമൃത് പദ്ധതിയിലുൾപ്പെടുത്തിയുള്ള 15 നിർമാണ പ്രവർത്തനങ്ങളുടെ തുടർ പ്രവൃത്തി നിർത്തിവെപ്പിച്ചിരിക്കുകയാണ്. നഗരസഭ അധികൃതർ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ദർഘാസ് നേടിയ കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കുംമുമ്പ് നഗരസഭയുമായി ഉടമ്പടിയുണ്ടാക്കണം.
പ്രവൃത്തിത്തുകയുടെ അഞ്ച് ശതമാനത്തിന് തുല്യമായ ട്രഷറി, ബാങ്ക് സെക്യൂരിറ്റി രേഖകളും സമർപ്പിക്കണം. മൂന്നുവർഷമാണ് സെക്യൂരിറ്റി കാലാവധി. ഈ കാലയളവിനുള്ളിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് തുക തിരിച്ചുപിടിക്കാം. ഇത്തരത്തിൽ സമർപ്പിക്കേണ്ട രേഖകളിലാണ് തട്ടിപ്പ് നടത്തിയത്. ക്രമക്കേട് കണ്ടെത്തിയതോടെ കഴിഞ്ഞ അഞ്ചുവർഷത്തെ കരാർ സെക്യൂരിറ്റി രേഖകളും പരിശോധിച്ചുവരുകയാണ്. പൊലീസിൽ പരാതി നൽകുന്നതടക്കം കാര്യങ്ങൾ നിയമോപദേശം ലഭിച്ച ശേഷം തീരുമാനിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.