പണിതീരാത്ത കെട്ടിടം...എങ്ങുമെത്താതെ സംസ്ഥാനത്തെ ഏക കമ്യൂണിറ്റി കോളജ് കെട്ടിട നിർമാണം
text_fieldsവടക്കഞ്ചേരി: എങ്ങുമെത്താതെ സംസ്ഥാനത്തെ ഏക കമ്യൂണിറ്റി കോളജിനുള്ള കെട്ടിട നിർമാണം. ഒരു വർഷത്തിലേറെയായി നിർത്തിവെച്ച പ്രവൃത്തി വീണ്ടും തുടർന്നെങ്കിലും കരാർ കമ്പനിയുടെ ബില്ലുകള്‍ പാസാക്കി പണം നല്‍കാത്തതാണ് ആറു വർഷമായി നിർമാണത്തിന്റെ മെല്ലെപ്പോക്കിന് കാരണമാകുന്നത്. രണ്ട് കോടിയിലേറെ രൂപ കരാർ കമ്പനിക്ക് നല്‍കാനുണ്ടെന്ന് പറയുന്നു. പണം ലഭ്യമായാല്‍ ആറ് മാസം കൊണ്ട് മുഴുവൻ പണികളും പൂർത്തിയാക്കാമെന്നാണ് കരാർ കമ്പനി പ്രതിനിധികള്‍ പറയുന്നത്.
ഇടക്ക് കരാറുകാരൻ മാറി പുതിയ കരാർ കമ്പനി വന്നപ്പോൾ തുടക്കത്തിലുണ്ടായ വേഗത പിന്നീടുണ്ടായില്ല. അഞ്ച് കോടി രൂപ ചെലവിലാണ് കണക്കൻതുരുത്തി റോഡില്‍ മണ്ണാംപറമ്പില്‍ കോളജിനുള്ള കെട്ടിടം നിർമിക്കുന്നത്. 2012ല്‍ കോളജ് ആരംഭിച്ചതു മുതല്‍ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വടക്കഞ്ചേരി ടൗണിനടുത്ത് കിഴക്കഞ്ചേരി റോഡില്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപത്തെ പഴയ കെട്ടിടത്തിലാണ് കോളജിന്റെ പ്രവർത്തനം. 2018 ജൂണ്‍ 16നാണ് മണ്ണാംപറമ്പില്‍ റവന്യൂവകുപ്പിന് അനുവദിച്ച സ്ഥലത്ത് കോളജിനായി അന്നത്തെ മന്ത്രിയായിരുന്ന എ.കെ. ബാലൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 18 മാസത്തിനുള്ളില്‍ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷെ ഒന്നുമുണ്ടായില്ല.
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷനിസ്റ്റ് എന്ന കോഴ്സാണ് കോളജിലെ പ്രധാന പാഠ്യഭാഗം. വാഹന നിർമാണ കമ്പനിയില്‍ മെഷനിസ്റ്റ് എന്ന പോസ്റ്റിലാണ് ഈ കോഴ്സ് കഴിഞ്ഞവർക്ക് ജോലി സാധ്യതയുള്ളത്. ലെയ്ത്ത്, ഡ്രില്ലിങ് തുടങ്ങിയവയാണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയത്. പത്താം ക്ലാസാണ് യോഗ്യത. തുടക്കത്തില്‍ 20 സീറ്റ് ആയിരുന്നത് ഇപ്പോള്‍ 40 സീറ്റാക്കിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിനാണ് മുൻഗണന. പട്ടിക വർഗ വിഭാഗത്തിനും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കും സംവരണമുണ്ട്. കോളജ് പ്രവർത്തിച്ചുവരുന്ന വാടക കെട്ടിടം സുരക്ഷിതമല്ലാത്തതിനാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മെഷീനറികളെല്ലാം പൊടിമൂടി ഉപയോഗശൂന്യമാകുന്ന സ്ഥിതിയുണ്ട്. രണ്ടു കോടിയില്‍പരം രൂപ വിലമതിക്കുന്ന മെഷീനറികളാണ് കോളജില്‍ കുട്ടികളുടെ പഠനത്തിനായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.