ഡി.വൈ.എഫ്.ഐ നേതാവ് പണപ്പിരിവ് നടത്തിയതായി പരാതി
text_fieldsപൊതുജനങ്ങളിൽനിന്ന് പിരിവ്
നടത്തിയിട്ടില്ലെന്നും സഹകരണ
ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും
വിശദീകരണം
മണ്ണാർക്കാട്: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ചികിത്സ സഹായ തട്ടിപ്പ് ആരോപണവുമായി കുടുംബം. ഡി.വൈ.എഫ്.ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം തച്ചമ്പാറ എൽ.സി അംഗവുമായ ഷാജ് മോഹനെതിരെയാണ് ആരോപണം. സി.പി.എം അനുഭാവിയായ തച്ചമ്പാറ കമ്പികുന്ന് കുമാരനാണ് സി.പി.എം മണ്ണാർക്കാട് ഏരിയ സെക്രട്ടറി, ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിവർക്ക് രേഖാമൂലം പരാതി നൽകിയത്. പരാതി നൽകിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയുമില്ലെന്നും കുമാരൻ പറഞ്ഞു. കുമാരന്റെ മകൾ അശ്വതിക്ക് 2020 ഡിസംബർ 10 ഗുരുതര പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെ ഡിസംബർ 19ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മരണപ്പെട്ടു.
മകളുടെ ചികിത്സക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഷാജ് മോഹന്റെ നേതൃത്വത്തിൽ പലരിൽ നിന്നായി പണപ്പിരിവ് നടത്തിയതായും എന്നാൽ ഇതിൽനിന്ന് മകളുടെ ചികിത്സക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് തന്നെയോ, കുടുംബത്തെയോ അറിയിച്ചിട്ടില്ലെന്നും കുമാരൻ പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്.
മകളുടെ പേരിൽ പിരിച്ച സംഖ്യ എത്രയാണെങ്കിലും അതിൽനിന്ന് ഒരു രൂപ പോലും വേണ്ടെന്നും തന്റെ കുട്ടിയുടെ ദുരവസ്ഥ ഉപയോഗിച്ച് നടത്തിയ പണപ്പിരിവ് അന്വേഷിക്കണമെന്നും ഇത് എന്ത് ചെയ്തു എന്നറിയാൻ അവകാശമുണ്ടെന്നും പാർട്ടി ഇടപെടണമെന്നും കാണിച്ചാണ് പരാതി. എന്നാൽ ഇങ്ങനെയൊരു പരാതിയെ കുറിച്ച് അറിയില്ലെന്നും പൊതുജനങ്ങളിൽനിന്ന് പിരിവ് നടത്തിയിട്ടില്ലെന്നും പാർട്ടി കമ്മിറ്റി അംഗങ്ങളിൽനിന്ന് പിരിച്ച തുക കുട്ടി മരണപ്പെട്ടത് കൊണ്ട് പാർട്ടി അനുമതിയോടെ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഷാജ് മോഹൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.