ലോറി തടഞ്ഞ് പണം കവർന്നതായി പരാതി
text_fieldsവാളയാർ: ലോറി തടഞ്ഞു നിർത്തി പണം കവർന്നു. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കോഴിമുട്ട കൊണ്ടുവന്ന ലോറിയിലെ ജീവനക്കാരെ മർദിച്ച് വാഹനത്തിലുണ്ടായിരുന്ന പണം കവർന്നതായാണ് പരാതി.
തിങ്കളാഴ്ച പുലർച്ച മൂന്നോടെ വാളയാർ പൊലിസ് സ്റ്റേഷനു സമീപം പതിനാലാം കല്ലിലാണ് സംഭവം. ബൈക്കിലെത്തിയ ഒരു സംഘം ലോറി തടഞ്ഞ് ജീവനക്കാരായ നാമക്കൽ സ്വദേശികളായ ശേഖർ (41), പ്രകാശ് (41), പെരുമാൾ (33) എന്നിവരെ മർദിച്ച് വാഹനത്തിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ കവർന്നു. മർദനത്തിനിടെ 1.30 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ ജീവനക്കാർക്ക് സാധിച്ചു. ബാക്കി പണവുമായി ആക്രമികൾ കടന്നു.
ആറംഗ സംഘമാണ് അക്രമിച്ചതെന്ന് പറയപ്പെടുന്നു. ഇവർ ബൈക്കിലാണ് എത്തിയത്. ലോറി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. മൂന്നു പേരുടെ മൊഴികളും പരസ്പര വിരുദ്ധമാണെന്ന് വാളയാർ സി.ഐ കെ.സി. വിനു പറഞ്ഞു.
വാഹനം വാളയാർ ഭാഗത്ത് ദേശീയപാതയിൽ അങ്ങോട്ടുമിങ്ങോട്ടും പല തവണ സഞ്ചരിച്ചതായി സി.സി.ടി.വി. കാമറ ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. മുണ്ടുപയോഗിച്ച് കൈകൾ കെട്ടിയാണ് പണം അപഹരിച്ചതെന്ന് പറയുന്നു. അതിനു ശേഷം അഴിച്ചുവിട്ടെന്നും ജീവനക്കാർ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.