കാഞ്ഞിരപ്പുഴയിൽ സമഗ്ര ടൂറിസം പദ്ധതി
text_fieldsകാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ അണക്കെട്ട് പശ്ചാത്തലമാക്കി സമഗ്ര ടൂറിസം പദ്ധതിക്ക് മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. കാഞ്ഞിരപ്പുഴ ഉദ്യാന പരിപാലന കമ്മിറ്റി ചെയർപേഴ്സൻ കെ. ശാന്തകുമാരി എം.എൽ.എയാണ് ജലവിഭവ മന്ത്രിക്ക് മാസ്റ്റർ പ്ലാൻ സമർപ്പിച്ചത്. ഈസ്റ്റേൺ ടൂറിസം കോ ഓപറേറ്റിവ് സൊസൈറ്റി, കേരള സ്റ്റേറ്റ് ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ എന്നിവ ഉന്നത വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതേ പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് താൽപര്യപത്രം ക്ഷണിക്കും. ഇതോടെ പദ്ധതിക്ക് വഴിതെളിയും. നിലവിലെ പരിമിതികളെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള ബഹുമുഖ പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ളത്. സംസ്ഥാന സർക്കാറിന്റെ അധീനതയിലുള്ള ഡാമും പശ്ചാത്തലവും ഉൾപ്പെടുത്തിയുള്ള വിനോദസഞ്ചാര വികസനത്തിന് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടുകൂടി പദ്ധതികൾ ആവിഷ്കരിക്കാൻ 2023 സെപ്റ്റംബർ 19ന് ജലവിഭവ വകുപ്പ് അനുമതി നൽകിയിരുന്നു. തുടർന്നാണ് എം.എൽ.എ നിർദേശം സമർപ്പിച്ചത്.
മ്യൂസിക്കൽ ഫൗണ്ടൻ, മറൈൻ വേൾഡ്, മറൈൻ അക്വോറിയം, ലേസർ ഷോ, ഫെറീസ് വീൽ, ശലഭ ഉദ്യാനം, ഹോർട്ടികൾച്ചർ പാർക്ക്, ബോട്ടിങ് സൗകര്യം, 16 ത്രിമാന തിയറ്റർ, തൂക്കുപാലം, സ്നോ പാർക്ക് എന്നിവയും ഒരുക്കും. നിലവിലുള്ള പശ്ചാത്തല സൗകര്യങ്ങൾ അടിമുടി മാറ്റുന്ന വിശദ പദ്ധതിയാണ് മാസ്റ്റർപ്ലാനിലുള്ളത്. പദ്ധതി പ്രാവർത്തികമാകുന്ന പക്ഷം രാജ്യാന്തരതലത്തിൽ തന്നെ മികച്ച ടൂറിസം സൗകര്യങ്ങളാവും കാഞ്ഞിരപ്പുഴയിൽ ഒരുങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.