മേൽവിലാസമില്ലാത്ത മിഠായി: ലൈസൻസില്ലാത്തവ മാർക്കറ്റിൽ സുലഭം
text_fieldsകൊടുവായൂർ: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസൻസില്ലാത്ത മിഠായികൾ മാർക്കറ്റിൽ സുലഭം. കൊടുവായൂർ, പുതുനഗരം, വടവന്നൂർ, കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, പെരുവെമ്പ് എന്നീ പഞ്ചായത്തുകളിലാണ് പേരുകൾ ഇല്ലാതെയും പല പേരുകളിലുമായി മിഠായികൾ വിൽപനക്ക് എത്തുന്നത്. മിഠായി പാക്കറ്റിൽ എഫ്.സി.സി.ഐയുടെ ലൈസൻസ് നമ്പർ, വിലാസം, കസ്റ്റമർ കെയർ നമ്പർ, ഉപയോഗ കാലാവധി എന്നിവ വ്യക്തമായി കാണാവുന്ന രീതിയിൽ ഉണ്ടാവണമെന്ന് നിയമം ഉണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെയാ ണ് മിഠായികൾ വിൽക്കുന്നത്.
പൊള്ളാച്ചി, മധുര, തൃശൂർ, പാലക്കാട്, കൊടുവായൂർ എന്നിവിടങ്ങളിലെ മൊത്ത വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരം മിഠായികൾ എത്തുന്നത്. ഓണം പോലുള്ള ആഘോഷ വേളകളിൽ മാത്രം ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതല്ലാതെ മറ്റു സമയങ്ങളിൽ അധികൃതർ ഇടപെടാത്തതാണ് ഇത്തരം നിയമലംഘനങ്ങൾക്ക് തണലാകുന്നത്.
ട്യൂബ് രൂപത്തിലും, പുളിരസം ഉണ്ടാക്കുന്ന കുഴമ്പ് രൂപത്തിലുള്ളതും ച്യുയിങ്കം രൂപത്തിലുള്ളതുമായ വിലാസമില്ലാത്ത മിഠായികൾ വിദ്യാലയങ്ങൾക്കു സമീപങ്ങളിൽ വർധിക്കുമ്പോൾ അധികൃതർ പരിശോധന നടത്താത്തത് ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
വടക്കഞ്ചേരിയിൽ മിഠായി കഴിച്ച് അഞ്ച് പ്രൈമറി തലത്തിലെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവം ഉണ്ടായതിനാൽ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും വിദ്യാലയ സമീപങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്. കൊല്ലങ്കോട് പഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ അംഗീകാരമില്ലാത്ത മിഠായികൾ, ലഹരി വസ്തുക്കൾ എന്നിവയുടെ വിൽപന പരിശോധിച്ച് നടപടിയെടുക്കണമെന്ന് പാരന്റ്സ് കൊഓഡിനേഷൻ ഫോറം ജില്ല ഘടകം കലക്ടർ ഉൾപ്പെടെയുള്ള വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.